ആകാശ പാളികള്‍ വിണ്ടുകീറിയാല്‍... (സെപ്റ്റംബര്‍ 16 - ഓസോണ്‍ ദിനം)

 ആകാശ പാളികള്‍ വിണ്ടുകീറിയാല്‍... (സെപ്റ്റംബര്‍ 16 - ഓസോണ്‍ ദിനം)

ആകാശ മേലാപ്പുകളുടെ അഭ്രത്തിളക്കങ്ങളില്‍ അഭിരമിക്കാത്ത മനുഷ്യരില്ല. ആകാശം ഭൂമിയുടെ മേല്‍ക്കുരയാണെന്ന കവിഭാവനയ്ക്കപ്പുറത്ത്, ഭൗതിക ശാസ്ത്രത്തിന്റെ പഠനമേഖലകളെ രസി പ്പിക്കുന്ന അത്ഭുതങ്ങളുടെ കലവറയാണ് ആകാശം എന്ന് നാമിന്നറിയുന്നു. സൗരയൂഥത്തിന്റെ അപാരതകളില്‍ ഭൂമി ഒരു ഉപ്രഗഹം മാത്രമായി സൂര്യനെ ചുറ്റുമ്പോള്‍ ജീവന്റെ കണികകള്‍ സ്വന്തം ഭൂമിക തിരിയുന്നതിവിടെ മാത്രമാണ്.

ഭൂമിയിലെ ജൈവ പ്രതലങ്ങളുടെ നിലനില്‍പ്പ് അഭൗമമായ പ്രപഞ്ച വിസ്മയങ്ങളിലൂറിക്കിടക്കുന്നുണ്ടാവും എന്നു കരുതി അന്വേഷണം ആരംഭിച്ച രണ്ടു ശാസ്ത്രജ്ഞരാണ് 1913ല്‍ ഓസോണ്‍ പാളികള്‍ കണ്ടു പിടിച്ചത്. ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞരായ ചാള്‍സ് ഫാബ്രി, ഹെന്റി ബ്യൂസണ്‍ എന്നിവര്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും പത്തു കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയുന്ന ഓസോണ്‍ പാളികളെ തിരിച്ചറിഞ്ഞു.

എന്താണ് ഓസോണ്‍? ഓസോണ്‍ ഒരു വായു പ്രതലമാണ്. പ്രാണവായുവായ ഓക്‌സിജന്റെ രൂപഭേദമാണ് ഓസോണ്‍. ഓക്‌സിജന്‍ (02) രണ്ട് ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുമ്പോള്‍ ഓസോണ്‍ (03) മൂന്ന് ആറ്റങ്ങള്‍ ചേര്‍ന്നാണുണ്ടാകുന്നത്.

അന്തരീക്ഷ വായുവിന്റെ 0.001% മാത്രമുള്ള ഓസോണ്‍ സൂര്യപ്രകാശത്തിലെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയിലേക്ക് കടത്തിവിടാതെ ഭൂമിയുടെ രക്ഷാ കവചമായിത്തിരുന്നു. ഓസോണ്‍ പാളികള്‍ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിലാണു സ്ഥിതി ചെയുന്നത്. ഓസോണ്‍ പാളിയിലെ വസ്തുക്കളെ തരം തിരിക്കുന്ന ഉപകരണമാണ് സ്‌പെക്ട്രോ ഫോട്ടോമീറ്റര്‍. 1928-ല്‍ ബ്രിട്ടീഷ് മെറ്ററോളജിസ്റ്റായ ജി.എം.ബി ഡോബ്‌സനാണ് ഇതു വികസിപ്പിച്ചെടുത്തത്.

ഓസോണ്‍ പാളികളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ ഭൂമിയിലെ ജൈവ ഘടനയുടെ ആയുസളക്കുന്ന മാനദണ്ഡമാണ്. കാരണം ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീണാല്‍ സൂര്യപ്രകാശത്തിന്റെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിക്കുകയും അതു ജീവഘടനയുടെ അടിസ്ഥാനം തകര്‍ക്കുകയും ചെയ്യും. ഈ സത്യം തിരിച്ചറിഞ്ഞാണ് 1989 ജനുവരി ഒന്നിനു ലോക രാഷ്ട്രങ്ങള്‍ ഒന്നു ചേര്‍ന്ന് ഓസോണ്‍ സംരക്ഷണത്തിനായി മോണ്‍ട്രിയോള്‍ പെരുമാറ്റചട്ടം രൂപീകരിച്ചത്.

1992സെപ്റ്റംബര്‍ 17ന് ഇന്ത്യയും ഈ നിയമം അംഗീകരിച്ചു.
1994-ല്‍ യു.എന്‍ പൊതുസഭ, സെപ്റ്റംബര്‍ 16 ലോക ഓസോണ്‍ ദിനമായി പ്രഖ്യാപിച്ചു. 1973ല്‍ റോളണ്ട്, മാരിയോമൊളിനാ എന്നീ ശാസ്ത്രജ്ഞരാണ് ഓസോണ്‍ പാളികളില്‍ വിള്ളല്‍ വീഴ്ത്തുന്ന രാസവസ്തുക്കളെ തിരിച്ചറിഞ്ഞത്. ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ (15) ആണ് ഓസോണ്‍ പാളി യുടെ ഉപരിതലത്തെ തിന്നുതീര്‍ക്കുന്നത്.

1973 ജനുവരി 23-ന് സി.എഫ്.സി നിരോധിക്കുന്ന ആദ്യരാഷ്ട്രമായി സ്വീഡന്‍ മാറി. തുടര്‍ന്ന് അമേരിക്ക, കാനഡ, നോര്‍വേ, യൂറോപ്യന്‍രാജ്യങ്ങള്‍ എന്നിങ്ങനെ എല്ലാ രാഷ്ട്രങ്ങളും ഇന്നു സി.എഫ്.സി നിരോധനത്തില്‍ ശ്രദ്ധിക്കുന്നുണ്ട്. നാം ഉപയോഗിക്കുന്ന ഫ്രിഡ്ജ്, റ്രഫിജറേറ്റുകള്‍, അതിശീതീകരണികള്‍, ശീതീകരിച്ച വാഹനങ്ങള്‍ തുടങ്ങി പലതരം മേഖലകളില്‍ സി.എഫ്.സി ഉപയോഗിക്കുന്നുണ്ട്. ഈ ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകളാണ്, നേരിട്ട് ഓസോണ്‍ ഉപരിതലവുമായി കലരുകയും ഓസോണ്‍പാളിയില്‍ കറുത്ത ദ്വാരം (Black hole) സൃഷ്ടിക്കുകയും ചെയ്യുന്നത്.

ഓസോണ്‍ ദ്വാരങ്ങളിലൂടെ ഭൂമിയില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ മനുഷ്യരില്‍ പ്രതിരോധ ശക്തി കുറയ്ക്കുകയും അനവധി സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിനു വഴിയൊരുക്കുകയും ചെയ്യുന്നു. ഇവ സസ്യലതാദികളുടെ പ്രകാശസംശ്ലേഷണവും ജൈവരാസപ്രവര്‍ത്തനങ്ങളും തടസപ്പെടുത്തുകയും പ്രത്യുല്‍പാദന ശേഷി കുറയ്ക്കുകയും ചെയ്യും.

പ്രകൃതിയുടെ നിലനില്‍പ്പിനെത്തന്നെ അപകടപ്പെടുത്തുന്ന ഓസോണ്‍ വിനാശ വാതകങ്ങള്‍ അടങ്ങിയ രാസവസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുകയും അതിനായി സമൂഹത്തെ ബോധവത്കരിക്കുകയുമാണ് നമ്മള്‍ ചെയ്യേണ്ടത്. നമുക്കു ഭൂമിയെ സംരക്ഷിക്കാം. ജൈവികമായ ഈര്‍ജ സ്രോതസുകള്‍ തിരിച്ചറിഞ്ഞ് പരിപാലിക്കാം.

ഫാ. റോയി കണ്ണന്‍ചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്നും

ഫാ. റോയി കണ്ണന്‍ചിറയുടെ ഇതുവരെയുള്ള കൃതികള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.