ദുബായ്: യുഎഇയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നല്‍കിയിരിക്കുന്ന വാറ്റ് ഇളവ് ഇടപാടുകള്‍ ഡിജിറ്റലായി. രാജ്യത്ത് എത്തുന്ന സന്ദർശകവിസയിലുളളവർക്ക് വാറ്റ് നല്‍കിയ തുക തിരികെ ലഭിക്കുന്നതിനായി രസീത് കൈയില്‍ കരുതണമെന്ന നയത്തിലാണ് മാറ്റം വരുന്നത്.
റീടെയ്ലർമാരുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും എല്ലാ രസീതുകളും ഇലക്ട്രോണിക് രീതിയില്‍ ലഭ്യമാകുമെന്നും ഫെഡറല്‍ ടാക്സ് അതോറിറ്റി ഡയറക്ടർ ജനറല്‍ ഖാലിദ് അലി അല്‍ ബുസ്താനി പറഞ്ഞു. വിനോദസഞ്ചാരികള്‍ വാറ്റ് റീഫണ്ട് തുക ലഭിക്കുന്നതിനായി വിമാനത്താവളങ്ങളില്‍ പോകുമ്പോള്‍ പർച്ചേസുകളുടെ പേപ്പറുകളും രസീതുകളും കൊണ്ടുപോകേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
റീഫണ്ട് കോഡിന്‍റെ റഫറന്‍സ് നമ്പർ വ്യക്തമാകുന്ന സ്റ്റിക്കറോടുകൂടിയ ഇന്‍വോയ്സാണ് ഇതുവരെ നല്‍കിയിരുന്നത്. ഇത് വിമാനത്താവളങ്ങളില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് റീഫണ്ട് നല്‍കിയിരുന്നത്. ഡിജിറ്റലായതോടെ ഈ നീണ്ട പ്രക്രിയക്കായി വിനോദ സഞ്ചാരികള്‍ കാത്തുനില്‍ക്കേണ്ടിവരില്ല.
2018 ലാണ് യുഎഇയില്‍ മൂല്യ വർദ്ധിത നികുതി പ്രാബല്യത്തില്‍ വരുന്നത്. വിനോദസഞ്ചാരികള്‍ക്ക് വാറ്റ് നല്‍കിയ തുക തിരിച്ചുപോകുമ്പോള്‍ വിമാനത്താവങ്ങളില്‍ നിന്ന് ക്ലെയിം ചെയ്യാം.
ടൂറിസ്റ്റുകൾക്ക് പാസ്‌പോർട്ട് സ്കാൻ ചെയ്യാനും റീഫണ്ട് ക്ലെയിം ചെയ്യാനും കഴിയുന്നതാണ് പുതിയ സംവിധാനം.ഇതിനായി 100 ലധികം കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാസ് പോർട്ട് സ്കാന്‍ ചെയ്താല്‍ ഇടപാടുകള്‍ കാാന്‍ സാധിക്കും. അതിന് ശേഷം ഇഷ്ടപ്പെട്ട റീഫണ്ട് രീതി തെരഞ്ഞെടുത്ത് നടപടിക്രമങ്ങള്‍ പൂർത്തിയാക്കാം.
10 പ്രവൃത്തി ദിവസത്തിനുളളില്‍ തുക അക്കൗണ്ടിലേക്ക് എത്തും.മൂന്ന് മിനിറ്റിനുളളില്‍ റീഫണ്ട് പ്രക്രിയ ഉപഭോക്താവിന് പൂർത്തിയാക്കാന്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം. വിമാനത്താവങ്ങളിലെ കിയോസ്കുകളില്‍ ഉപഭോക്താക്കള്‍ക്ക് സഹായം നല്‍കാന്‍ ജീവനക്കാരുടെ സേവനം ലഭ്യമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.