നൂര്‍-സുല്‍ത്താന്‍: സമൂഹത്തില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. കസാഖിസ്ഥാനില്‍ തന്റെ 38-ാമത് അപ്പോസ്‌തോലിക സന്ദര്‍ശനം നടത്തുന്ന മാര്‍പാപ്പ ഇക്കാര്യത്തില്‍ മതങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നും പറഞ്ഞു.
മനുഷ്യ ജീവന്റെ വിലയെയും വിശുദ്ധിയെയും കുറിച്ച് സമൂഹത്തെ ഓര്‍മ്മിപ്പിക്കേണ്ട ചുമതല മതങ്ങള്‍ക്കാണ്. ഏഴാമത് ആഗോള പരമ്പരാഗത മതനേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മധ്യേഷ്യന്‍ രാജ്യമായ കസാഖിസ്ഥാനില്‍ ഇക്കാഴിഞ്ഞ 13-ന് ഫ്രാന്‍സിസ് പാപ്പ എത്തിയത്.
പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് ലോകമെങ്ങുമുള്ള മനുഷ്യ ജീവനുകളെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് പാപ്പ ഓര്‍മിപ്പിച്ചത്. ജനിച്ചവരും ജനിക്കാനിരിക്കുന്നവരും പ്രായമായവരും അഭയാര്‍ത്ഥികളും പൊതുസമൂഹത്തില്‍ അവഗണിക്കപ്പെടുകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമൂഹിക ക്രമം ഉണ്ടാകണം. ഇക്കാര്യത്തില്‍ ലോകത്തെ ബോധവത്കരിക്കുന്നതില്‍ മതനേതാക്കള്‍ക്കു വലിയ പങ്കു വഹിക്കാനാകുമെന്നും പാപ്പ പറഞ്ഞു.
നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കസാഖിസ്ഥാന്‍ പ്രസിഡന്റാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നൂര്‍-സുല്‍ത്താനിലെ അധികാരികള്‍, പൗരന്മാരുടെ പ്രതിനിധികള്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവരുമായി മാര്‍പ്പാപ്പ കൂടിക്കാഴ്ച്ച നടത്തി.
സമാധാനത്തിന്റെ തീര്‍ത്ഥാടകനായി എത്തിയ മാര്‍പാപ്പ ലോകത്തില്‍ സമാധാനവും ഐക്യവും വീണ്ടെടുക്കാനുള്ള ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് സംസാരിച്ചത്. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദൂതര്‍ എന്നതാണ് പാപ്പായുടെ ഈ ഇടയസന്ദര്‍ശനത്തിന്റെ മുദ്രാവാക്യം.
മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുക എന്നതു കാലഘട്ടത്തിന്റെ ആവശ്യമാണ്. മതസ്വാതന്ത്ര്യം മൗലികാവകാശത്തിന്റെ ഭാഗവും എല്ലാ സമൂഹങ്ങളിലും അതു പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.
മതസ്വാതന്ത്ര്യമെന്നത് ആരാധനാ സ്വാതന്ത്ര്യത്തില്‍ ഒതുങ്ങുന്നതല്ല. തന്റെ വിശ്വാസം പ്രഘോഷിക്കാനും അടിച്ചേല്‍പ്പിക്കാതെ അതു പ്രചരിപ്പിക്കാനുമുള്ള സ്വാതന്രത്യ വക്തികള്‍ക്കുണ്ടാകണം. സമ്മേളനത്തിന്റെ അവസാന ദിവസം ജെസ്യൂട്ട് വൈദികരുമായി പാപ്പ കൂടിക്കാഴ്ച്ച നടത്തും. സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതും പാപ്പ തന്നെയാണ്.
ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ സന്യാസിനി സിസ്റ്റര്‍ മരിയ ഡി കോപ്പിയെ അനുസ്മരിച്ച് കൊമ്പോണിയന്‍ സന്ന്യാസിനികള്‍ സമ്മാനിച്ച ഷാള്‍ മാധ്യമപ്രവര്‍ത്തക മാര്‍പാപ്പയ്ക്കു കൈമാറുന്നു.
മൊസാംബിക്കില്‍ അടുത്തിടെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ സന്യാസിനി സിസ്റ്റര്‍ മരിയ ഡി കോപ്പിയെ അനുസ്മരിച്ച് കൊമ്പോണിയന്‍ സന്ന്യാസിനികള്‍ സമ്മാനിച്ച ഒരു ഷാള്‍, അവര്‍ക്കു വേണ്ടി മാധ്യമപ്രവര്‍ത്തക മാര്‍പാപ്പയ്ക്ക് കൈമാറി. മൊസാംബിക്കില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന, പരമ്പരാഗത വസ്ത്രമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.