നാം നഷ്ടപ്പെടുമ്പോള്‍ നമ്മെ തേടി വരുന്ന പിതാവാണ് ദൈവം: ഫ്രാന്‍സിസ് പാപ്പ

നാം നഷ്ടപ്പെടുമ്പോള്‍ നമ്മെ തേടി വരുന്ന പിതാവാണ് ദൈവം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നാം നഷ്ടപ്പെടുമ്പോഴെല്ലാം നമ്മെ തേടി വരുന്ന പിതാവാണ് ദൈവമെന്ന് ഫ്രാന്‍സിസ് പാപ്പ. ദൈവം നമ്മോട് കാണിക്കുന്ന അതേ കരുതലും അനുകമ്പയും ആര്‍ദ്രതയും മറ്റുള്ളവരോട് നാം പ്രകടിപ്പിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

കര്‍ത്താവിന്റെ മാലാഖ എന്നാരംഭിക്കുന്ന പ്രാര്‍ത്ഥന ചൊല്ലുന്നതിനു മുന്നോടിയായി സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ തീര്‍ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. ദിവ്യബലി മദ്ധ്യേ വായിച്ച ലൂക്കായുടെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം ഒന്നു മുതല്‍ 32 വരെയുള്ള വാക്യങ്ങളാണ് പാപ്പ സന്ദേശത്തിനായി തെരഞ്ഞെടുത്തത്. ദൈവത്തിന്റെ കാരുണ്യത്തെ ആവിഷ്‌ക്കരിക്കുന്ന, യേശു പറഞ്ഞ മൂന്നു ഉപമകളാണ് പാപ്പ വിശദീകരിച്ചത്. കാണാതായ ആടിന്റെയും നഷ്ടപ്പെട്ട നാണയത്തിന്റെയും ധൂര്‍ത്തപുത്രന്റെയും ഉപമകള്‍ ആയിരുന്നു അത്.

യേശു പാപികളെ സ്വാഗതം ചെയ്യുന്നതിലും അവരോടൊപ്പം ഭക്ഷണം കഴിക്കുന്നതിലും പരാതിപ്പെട്ട ഫരിസേയര്‍ക്കും നിയമജ്ഞര്‍ക്കുമുള്ള മറുപടിയായാണ് ഉപമകള്‍ പറയുന്നത്. കാരുണ്യത്തെക്കുറിച്ചു പ്രഘോഷിക്കുന്ന മൂന്ന് ഉപമകളുടെ പൊരുളാണ് മാര്‍പാപ്പ പങ്കുവച്ചത്.

ദൈവം ആരെയും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരും തന്റെ വിരുന്നിലുണ്ടാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. കാരണം അവിടുന്ന് എല്ലാവരെയും മക്കളെപ്പോലെ സ്‌നേഹിക്കുന്നു എന്ന് ഈ ഉപമകള്‍ വ്യക്തമാക്കുന്നതായി മാര്‍പാപ്പ പറഞ്ഞു.

ദൈവം എപ്പോഴും നഷ്ടപ്പെട്ടതിനെ അന്വേഷിക്കുന്നു. ദൈവം പിതാവാണ്, ഒരോ തവണയും നാം നഷ്ടപ്പെട്ടുപോകുമ്പോഴെല്ലാം അവിടുന്ന് നമ്മെ തേടി വരുന്നു എന്നതാണ് ഈ സുവിശേഷ ഭാഗത്തിന്റെ കാതലെന്ന് പാപ്പ ചൂണ്ടിക്കാട്ടുന്നു.

ഉപമകളിലെ മൂന്ന് പ്രധാന കഥാപാത്രങ്ങള്‍ കാണാതെ പോയ ആടിനെ അന്വേഷിക്കുന്ന ഇടയന്‍, നഷ്ടപ്പെട്ട നാണയം കണ്ടെത്തുന്ന സ്ത്രീ, ധൂര്‍ത്തനായ മകന്റെ പിതാവ്. എല്ലാവരും നഷ്ടപ്പെട്ടവയെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്നു.

'സ്‌നേഹിക്കുന്നവന്‍ കാണാതെ പോയതിനെ ഓര്‍ത്ത് ഉത്കണ്ഠാകുലനാകുന്നു. നഷ്ടപ്പെട്ടതിനെ അന്വേഷിക്കുന്നു, വഴിതെറ്റിപ്പോയവനെ കാത്തിരിക്കുന്നു. കാരണം, ആരും നഷ്ടപ്പെടരുതെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

നാം അവനില്‍ നിന്ന് അകന്നുപോയാല്‍ അവിടുന്ന് ദുഃഖിക്കുന്നു. അവന്‍ നമ്മെ അവന്റെ കൈകളിലേക്ക് തിരികെ കൊണ്ടുവരുന്നതു വരെ നമ്മെ അന്വേഷിക്കാന്‍ പുറപ്പെടുന്നു. നമ്മുടെ സമൂഹത്തില്‍, വിശ്വാസത്തില്‍ നിന്നും അകന്നുപോകുന്നവരെ ചേര്‍ത്തുപിടിക്കുന്ന ഒരു മനോഭാവമാണോ നമ്മുടേത് അതോ സ്വന്തം സുഖസൗകര്യങ്ങള്‍ മാത്രം നോക്കിപ്പോകുന്നവരാണോ നമ്മളെന്ന് ചിന്തിക്കണമെന്നും പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26