ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കത്തോലിക്കാ പള്ളികളെയും പ്രോ-ലൈഫ് കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള നവനാള്‍ നൊവേന കാമ്പയിനുമായി അമേരിക്കയിലെ പ്രമുഖ കത്തോലിക്ക സംഘടന. പൊതുജീവിതത്തില്‍ വിശ്വാസ സത്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ അമേരിക്കയിലെ മുഴുവന്‍ കത്തോലിക്കരേയും പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 'കാത്തലിക് വോട്ട്' ആണ് വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള നവനാള്‍ നൊവേനയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. സെപ്റ്റംബര്‍ 20 ന് ആരംഭിച്ച് വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 29 ന് അവസാനിക്കുന്ന ഒന്‍പത് ദിവസത്തെ നൊവേനയില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളോടും സംഘടന ആഹ്വാനം ചെയ്തു.
'കത്തോലിക്കര്‍ എന്ന നിലയില്‍ വോട്ടെടുപ്പിന് പോകുന്നതിനുമുമ്പ് ഞങ്ങള്‍ കുരിശിലേക്ക് പോകുന്നു,' സംഘടനയുടെ പ്രസിഡന്റ് ബ്രയാന്‍ ബര്‍ച്ച് ഒമ്പത് ദിവസത്തെ പ്രാര്‍ത്ഥനയെക്കുറിച്ച് ഒരു വീഡിയോയില്‍ വിശദീകരിച്ചു. ''അബോര്‍ഷന്‍ അനുകൂല സംഘടനകള്‍ പള്ളികള്‍ക്കും പ്രോ-ലൈഫ് ഓര്‍ഗനൈസേഷനുകള്‍ക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. നിരപരാധികളായ കുഞ്ഞുങ്ങളെ കശാപ്പുചെയ്യുന്നതിനാണ് അവര്‍ ഉറച്ചുനില്‍ക്കുന്നത്'' ബര്‍ച്ച് പറഞ്ഞു. അതിനു മറുപടിയായാണ് യോദ്ധാവും മനുഷ്യജീവന്റെ സംരക്ഷകനുമായ വിശുദ്ധ മിഖായേലിന്റെ നൊവേന നടത്താന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമങ്ങള്‍ക്കെതെരെയുള്ള നമ്മുടെ ശക്തമായ ആയുധം ആണ് പ്രാര്‍ത്ഥന. ''പ്രാര്‍ത്ഥനയും ഉപവാസവും കൊണ്ട് മാത്രമേ അവയെ പുറത്താക്കുവാന്‍ കഴിയൂ'' എന്ന യേശുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട്, നമ്മെ പീഡിപ്പിക്കുന്നവരുടെ മനസുകളെ ബാധിച്ചിരിക്കുന്ന അന്ധകാര ശക്തികളെ പുറത്താക്കാന്‍ ഒന്‍പത് ദിവസം നടക്കുന്ന നൊവേന പ്രാര്‍ത്ഥനയിലൂടെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ മാധ്യസ്ഥം തേടണമെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ മൈക്കിളിന്റെ മാധ്യസ്ഥ പ്രര്‍ത്ഥനയിലൂടെ പ്രോ-ലൈഫ് വക്താക്കള്‍ക്ക് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തേകും. ഇതുവരെ 24,000-ത്തിലധികം കത്തോലിക്കര്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രാര്‍ത്ഥനക്കുള്ള ഓര്‍മപ്പെടുത്തലുകള്‍ ഓരോ ദിവസവും ഇമെയിലായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗര്‍ഭച്ഛിദ്രത്തെ അനുകൂലമാക്കിയ ഭരണഘടന ഭേദഗതി റദ്ദ് ചെയ്യുന്നതിലേക്ക് വഴി തെളിയിച്ച കോടതി രേഖ ചോര്‍ന്നതിന് പിന്നാലെയാണ് അമേരിക്കയിലാകെ കത്തോലിക്കാ ദേവാലയങ്ങള്‍ക്കും പ്രൊലൈഫ് സ്ഥാപനങ്ങള്‍ക്കും നേരെ ഗര്‍ഭച്ഛിദ്രാനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടത്. ഇക്കാലത്തിനിടെ 62 ഓളം ആക്രമണ സംഭവങ്ങള്‍ ഉണ്ടായി. ആക്രമണവുമായി ബന്ധപ്പെട്ട് ബിഡന്‍ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വത്തെ വീഡിയോയില്‍ ബര്‍ച്ച് അപലപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26