മഴ പെയ്താല്‍ വെള്ളം കയറും, പുറത്തിറങ്ങിയാല്‍ പട്ടി കടിക്കും; ഇതാണ് അവസ്ഥ: പരിഹാസവും വിമര്‍ശനവുമായി ഹൈക്കോടതി

മഴ പെയ്താല്‍ വെള്ളം കയറും, പുറത്തിറങ്ങിയാല്‍ പട്ടി കടിക്കും; ഇതാണ് അവസ്ഥ: പരിഹാസവും വിമര്‍ശനവുമായി ഹൈക്കോടതി

എഞ്ചിനീയര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം.
കളക്ടര്‍ കണ്ണും കാതും തുറന്ന് നില്‍ക്കണം.

കൊച്ചി: ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തി ഹൈക്കോടതി. ഇത്തരം അപകടമുണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നു. റോഡിലെ കുഴി അടയ്ക്കാന്‍ ഇനി എത്രപേര്‍ മരിക്കണം?

റോഡില്‍ ഒരു കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ബുദ്ധിമുട്ട്? റോഡ് കുഴിയാക്കി ഇടാനാണെങ്കില്‍ നമുക്ക് എന്തിനാണ് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

രണ്ടു മാസത്തിനുള്ളില്‍ റോഡിലെ കുഴിയില്‍ വീണ് എത്രപേര്‍ മരിച്ചുവെന്ന് കോടതി ആരാഞ്ഞു. കളക്ടര്‍ കണ്ണും കാതും തുറന്ന് നില്‍ക്കണം. കളക്ടറുടെ റിപ്പോര്‍ട്ട് എവിടെയെന്നും കോടതി ചോദിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന 19 ന് വിശദീകരണം ലഭിച്ചില്ലെങ്കില്‍ കലക്ടറെ വിളിച്ചു വരുത്തും.

എന്തു പണിയാണ് പൊതുമരാമത്തു വകുപ്പിലെ എഞ്ചിനീയര്‍മാര്‍ ചെയ്യുന്നത്. ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ എഞ്ചിനീയര്‍ ആരായിരുന്നു? ആ എഞ്ചിനീയര്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

മഴ പെയ്താല്‍ വെള്ളം കയറും. പുറത്തിറങ്ങിയാല്‍ പട്ടി കടിക്കും എന്ന അവസ്ഥയാണെന്നും ഹൈക്കോടതി പരിഹസിച്ചു. കൊച്ചിയിലെ വെള്ളക്കെട്ടിനെയും തെരുവുനായ ശല്യത്തെയും പരാമര്‍ശിച്ചായിരുന്നു കോടതിയുടെ പ്രതികരണം.

കോര്‍പ്പറേഷന്റെ ലാഘവം വെള്ളക്കെട്ടിന് കാരണമാകുന്നു. കോര്‍പ്പറേഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാകണം. അഴുക്കുചാലുകള്‍ നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

അതേസമയം ആലുവ-പെരുമ്പാവൂര്‍ റോഡ് രണ്ടാഴ്ചയ്ക്കകം നന്നാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. റോഡ് നാലുവരിപ്പാതയാക്കും. റോഡ് വീതികൂട്ടാന്‍ ഭൂമി ഏറ്റെടുക്കുന്നതിന് ജനങ്ങളുടെ എതിര്‍പ്പുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കുഞ്ഞുമുഹമ്മദ് റോഡിലെ കുഴിയില്‍ വീണതു മൂലമല്ല മരിച്ചത്. അദ്ദേഹത്തിന് ഷുഗര്‍ ലെവല്‍ താഴ്ന്നതാണ് ആശുപത്രിയിലാക്കാന്‍ കാരണമെന്ന് മകന്‍ പറഞ്ഞതായും സര്‍ക്കാര്‍ വ്യക്തമാക്കി. മരിച്ചയാളെ ഇനിയും അപമാനിക്കരുതെന്നായിരുന്നു കോടതിയുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.