മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി; അനുരഞ്ജന സാധ്യത അടയുന്നു

 മുഖ്യമന്ത്രിക്ക്  ഗവര്‍ണറുടെ മറുപടി; അനുരഞ്ജന സാധ്യത അടയുന്നു

കൊച്ചി: ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകുന്നു. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. മൂന്നു വര്‍ഷം മുമ്പ് കണ്ണൂരില്‍ വച്ച് തനിക്ക് നേരെ വധശ്രമം ഉണ്ടായി. ഈ സംഭവത്തല്‍ പൊലീസ് കേസെടുത്തില്ലെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ആര്‍ക്കാണെന്നും ചോദിച്ചു.

സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് തിങ്കളാഴ്ച പുറത്ത് വിടുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങലോട് പറഞ്ഞു. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയയ്ക്കുന്ന കത്തുകള്‍ക്ക് പോലും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പതിവായി കാര്യങ്ങള്‍ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

തിരശീലയ്ക്ക് പിന്നില്‍ നിന്നും മുഖ്യമന്ത്രി മുന്നിലേക്ക് വന്നതില്‍ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ പരിഹസിച്ചു. പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാല നിയമനങ്ങളിലടക്കം രാഷ്ട്രീയ ഇടപെടലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കയച്ച കത്തും പുറത്തുവിടുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. സര്‍വകലാശാലകള്‍ ജനങ്ങളുടേതാണെന്നും അല്‍പകാലം ഭരണത്തില്‍ ഇരിക്കുന്നവര്‍ക്കുളളതല്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവര്‍ണറുടെ ആരോപണം അസംബന്ധമാണെന്നാണ് പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്. ഗവര്‍ണര്‍ പറഞ്ഞതില്‍പ്പരം അസംബന്ധം ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം നോക്കാതെ എന്തും പറയാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി.

മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കില്‍ പരിശോധിക്കട്ടെ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

കേന്ദ്രത്തില്‍ ഉയര്‍ന്ന പദവി പ്രതീക്ഷിച്ചായിരുന്നു സംസ്ഥാന സര്‍ക്കാറിനെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങളെന്ന് വരെ മുഖ്യമന്ത്രി പറയുകയുണ്ടായി. ഗവര്‍ണര്‍ക്ക് മറുപടി പറഞ്ഞ് പോകണമെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനപ്രകാരമാണ് പിണറായിയുടെ വിമര്‍ശനങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.