വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കൊച്ചി കളമശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഭാരതീയ ക്രൈസ്തവ സംഗമം കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യൂ അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. മുന്‍ എംഎല്‍എമാരായ ജോണി നെല്ലൂര്‍, മാത്യൂ സ്റ്റീഫന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം വി.വി അഗസ്റ്റിന്‍, ലിസി കെ.ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ സമീപം.
കൊച്ചി:അര്‍ഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതി വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഭാരതീയ ക്രൈസ്തവ സംഗമം സംഘടിപ്പിച്ചു.
കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നും പ്രത്യേക ക്ഷണിതാക്കളായെത്തിയ രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്ത സംഗമം കളമശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യൂ അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ക്രൈസ്തവ സമൂഹം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ചെറിയ ഭിന്നതകള്‍ മറന്ന് നാം ഒന്നിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മാര്‍ മാത്യൂ അറയ്ക്കല്‍ ഓര്‍മ്മിപ്പിച്ചു.
വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കൊച്ചി കളമശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഭാരതീയ ക്രൈസ്തവ സംഗമത്തില്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ.മാത്യൂ പ്രസംഗിക്കുന്നു.
ഇതിനായി എല്ലാ ക്രൈസ്തവ സഭകളിലും പെട്ട അല്‍മായര്‍ നേതൃപദവിയിലേക്ക് വരേണ്ടതുണ്ട്. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ രാജ്യത്ത് ശക്തമായ സാന്നിധ്യമുള്ള ക്രൈസ്തവ സമൂഹത്തിന് ഇന്ന് വിവിധ മേഖലകളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. ക്രിസ്ത്യാനികള്‍ ആര്‍ക്കും എതിരല്ല. എന്നാല്‍ സ്‌നേഹത്തിന്റെ ഉദാത്തമായ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നാം ഒന്നിക്കേണ്ട കാലം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ക്ക് ബുദ്ധ, സിഖ് മതക്കാര്‍ക്ക് നല്‍കി വരുന്ന എല്ലാ അവകാശങ്ങളും നല്‍കുക, ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള ദുര്‍ബല വിഭാഗങ്ങളുടെ സാമ്പത്തിക സ്ഥിതി ഒരു നിഷ്പക്ഷ കമ്മീഷനെ വച്ച് പരിശോധിച്ച് അവരുടെ ജീവിതത്തിനും ആരോഗ്യ സംരക്ഷണത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും ആവശ്യമായ സാമ്പത്തിക ഭദ്രത ഭരണഘടനാ പരമായി ഉറപ്പു വരുത്തുക, കൃഷിക്കും കര്‍ഷകര്‍ക്കും ദോഷകരമായി നില്‍ക്കുന്ന എല്ലാ കര്‍ഷക വിരുദ്ധ നിയമങ്ങളും റദ്ദാക്കുക, ബഫര്‍ സോണ്‍ നിയമം പിന്‍വലിക്കുക, കര്‍ഷകരെ ആക്രമിക്കുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്യുന്ന വന്യമൃഗ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കുക, തീരദേശ പരിപാലന നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങി പന്ത്രണ്ടിന നിര്‍ദേശങ്ങള്‍ സമ്മേളനം മുന്നോട്ടു വച്ചു.
സംഘടനയുടെ ചെയര്‍മാന്‍ മുന്‍ എംഎല്‍എ ജോര്‍ജ് ജെ മാത്യൂ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എമാരായ മാത്യൂ സ്റ്റീഫന്‍, ജോണി നെല്ലൂര്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം വി.വി അഗസ്റ്റിന്‍, ലൂയിസ് കെ.ദേവസി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.