ഹോസ്റ്റലിലെ അറുപതോളം വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്ത്; വിദ്യാര്‍ഥിനി അറസ്റ്റില്‍; വന്‍ പ്രതിഷേധം

ഹോസ്റ്റലിലെ അറുപതോളം വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്ത്; വിദ്യാര്‍ഥിനി അറസ്റ്റില്‍; വന്‍ പ്രതിഷേധം

ന്യൂഡല്‍ഹി: പഞ്ചാബില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ചണ്ഡീഗഡില്‍ വിദ്യാര്‍ഥിനികളുടെ വന്‍ പ്രതിഷേധം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഹോസ്റ്റലില്‍ ഉള്ള വിദ്യാര്‍ഥിനി തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിക്കെതിരെ ഐപിസി 354 സി, ഐടി ആക്ട് എന്നിവ പ്രകാരം ഗരുവന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.


ഏകദേശം അറുപതോളം വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങളും ശൗചാലയത്തില്‍ നിന്നുള്ള ദൃശ്യങ്ങളുമാണ് പെണ്‍കുട്ടി രഹസ്യമായി പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ ഷിംലയിലുള്ള ആണ്‍ സുഹൃത്തിന് അയച്ചു നല്‍കുകയായിരുന്നു. ഇയാളാണ് സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതെന്നാണ് ആരോപണം. 



വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ചിലര്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹോസ്റ്റലില്‍ നിന്ന് പെണ്‍കുട്ടികളെ അബോധാവസ്ഥയില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ കുഴഞ്ഞു വീഴുക മാത്രമാണ് ചെയ്തതെന്നും അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആത്മഹത്യാശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നുമാണ് മൊഹാലി എസ്എസ്പി വ്യക്തമാക്കുന്നത്.


പഞ്ചാബിലെ മൊഹാലിയിലുള്ള ചണ്ഡീഗഡ് സര്‍വ്വകലാശാല ഹോസ്റ്റലിലാണ് അസാധാരണ സംഭവം. ഹോസ്റ്റലില്‍ ഒപ്പമുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഒരു പെണ്‍കുട്ടിയെ ദേഹാസ്വാസ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യ മാനേജ്‌മെന്റിന് കീഴിലുള്ള സര്‍വ്വകലാശാലയാണിത്. മരണമോ ആത്മഹത്യാശ്രമമോ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ജനങ്ങള്‍ ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്നും മൊഹാലി പൊലീസ് അറിയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ സംഭവം അങ്ങേയറ്റം അപമാനകരമെന്ന് പ്രതികരിച്ചു. വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ സമാധാനപ്പെടണമെന്നും പറഞ്ഞു.


ചണ്ഡീഗഡ് സര്‍വ്വകലാശാലയില്‍ ഒരു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ കൂടെയുള്ള നിരവദി വിദ്യാര്‍ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിരിക്കുകയാണ്. വിഷയം വളരെ ഗൗരവമുള്ളതും അപമാനകരവുമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇരകളായവര്‍ സംയമനം പാലിക്കണം, ധൈര്യം കാണിക്കണം. ഞങ്ങളെല്ലാവരും ഒപ്പമുണ്ട്. എല്ലാവരും ക്ഷമയോടെയിരിക്കണമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ മനീഷ ഗുലാത്തി അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബെയിന്‍സും വിദ്യാര്‍ത്ഥികളോട് സംയമനം പാലിക്കാന്‍ നിര്‍ദേശിച്ചു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും. നമ്മുടെ സഹോദരിമാരുടെയും മക്കളുടെയും അഭിമാനത്തിന്റെ പ്രശ്‌നമാണ്. മാധ്യമങ്ങള്‍ ഉള്‍പ്പടെ നമ്മളെല്ലാവരും ശ്രദ്ധയോടെയിരിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.