രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ടു പിസിസികള്‍ പ്രമേയം പാസാക്കി

രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ടു പിസിസികള്‍ പ്രമേയം പാസാക്കി

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. അധ്യക്ഷ സ്ഥാനം രാഹുല്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, ചത്തീസ്ഗഢ് പിസിസികള്‍ പ്രമേയം പാസാക്കി.

അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന സൂചന രാഹുല്‍ഗാന്ധി നല്‍കുമ്പോഴും സമ്മര്‍ദ്ദത്തിനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. രാഹുല്‍ അധ്യക്ഷനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകില്ല. മറ്റാരേയും അംഗീകരിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായേക്കില്ല. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍തന്നെ പാര്‍ട്ടിയെ നയിക്കണമെന്നും പ്രമേയങ്ങള്‍ ആവശ്യപ്പെടുന്നു.

അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന തീരുമാനം രാഹുല്‍ പുനപരിശോധിക്കണമെന്ന്‌ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ആവശ്യപ്പെട്ടു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് മേല്‍ സമ്മർദ്ദമുണ്ട്. പദവി ഏറ്റെടുക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും ഗലോട്ട് സമ്മതം അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് മറ്റ് പദവികള്‍ ഏറ്റെടുക്കാന്‍ ഗലോട്ടിന് താല്‍പര്യമില്ലെന്നാണ് വിവരം.

അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളിൽ നിന്നും ഒഴിഞ്ഞു മാറി ഭാരത് ജോഡോ യാത്രയിൽ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രാഹുൽ ഗാന്ധി. ആലപ്പുഴ ജില്ലയിലെ രണ്ടാം ദിന യാത്ര ഇന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്ത് വച്ച് സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.