കേരളത്തോട് മുഖംതിരിച്ച് കര്‍ണാടകം; പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പദ്ധതികള്‍ അനുവദിക്കില്ല

കേരളത്തോട് മുഖംതിരിച്ച് കര്‍ണാടകം; പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പദ്ധതികള്‍ അനുവദിക്കില്ല

ബെംഗളൂരു: കേരളത്തിന്റെ ആവശ്യങ്ങള്‍ തള്ളി കര്‍ണാടകം. പരിസ്ഥിതിലോല പ്രദേശങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഒരു പദ്ധതിയും അനുവദിക്കില്ലെന്ന് കര്‍ണാടകം വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബെംഗളൂരുവില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കര്‍ണാടകം നിലപാട് വ്യക്തമാക്കിയത്.

വടക്കന്‍ കേരളത്തേയും തെക്കന്‍ കര്‍ണാടകത്തേയും ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാത, മൈസൂരു-തലശേരി റെയില്‍പ്പാത എന്നിവയുമായി സഹകരിക്കില്ലെന്നാണ് ബൊമ്മെ വ്യക്തമാക്കിയത്. അതിവേഗ തീവണ്ടിപ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതി മംഗളൂരുവരെ നീട്ടുന്ന കാര്യവും ചര്‍ച്ചയായില്ല. ഞായറാഴ്ച രാവിലെ 9:30ന് ബസവരാജ് ബൊമ്മെയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലായിരുന്നു കൂടിക്കാഴ്ച.

ഈ മാസം ആദ്യം ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിലെ തീരുമാനപ്രകാരമാണ് പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാതാ പദ്ധതി പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കര്‍ണാടകം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്നിറങ്ങിയ പത്രക്കുറിപ്പില്‍ പറയുന്നു.

പിണറായി വിജയനെ പരമ്പരാഗത ശൈലിയിലാണ് ബസവരാജ് ബൊമ്മെ സ്വീകരിച്ചത്. പൊന്നാട, തലപ്പാവ് എന്നിവ അണിയിച്ചും ചന്ദനഹാരം അര്‍പ്പിച്ചുമാണ് വരവേറ്റത്. ബുദ്ധന്റെ ശില്‍പം പിണറായി ബൊമ്മെയ്ക്ക് സമ്മാനിച്ചു.

യോഗത്തില്‍ കര്‍ണാടക അടിസ്ഥാനസൗകര്യവികസന മന്ത്രി വി. സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കര്‍ണാടക ചീഫ്‌സെക്രട്ടറി വന്ദിത ശര്‍മ, കേരള തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍, കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.