സിപിഎമ്മിനും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍; കണ്ണൂര്‍ വിസി നിയമനത്തില്‍ പിണറായി നേരിട്ടെത്തി സമ്മര്‍ദ്ദം ചെലുത്തി

സിപിഎമ്മിനും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍; കണ്ണൂര്‍ വിസി നിയമനത്തില്‍ പിണറായി നേരിട്ടെത്തി സമ്മര്‍ദ്ദം ചെലുത്തി

മുഖ്യമന്ത്രി പലപ്പോഴായി അയച്ച മൂന്നു കത്തുകള്‍ ഗവര്‍ണര്‍ പുറത്തു വിട്ടു.
മുഖ്യമന്ത്രിക്കും ഇ.പി ജയരാജനും ഇര്‍ഫാന്‍ ഹബീബിനും വിമര്‍ശനം.
കെ.ടി ജലീല്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയില്‍.


തിരുവനന്തപുരം: സിപിഎമ്മിനും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ വാര്‍ത്താ സമ്മേളനം.

മുഖ്യമന്ത്രി പലപ്പോഴായി അയച്ച മൂന്നു കത്തുകളും ഗവര്‍ണര്‍ പുറത്തു വിട്ടു. സര്‍ക്കാരോ മറ്റ് ഏജന്‍സികളോ വിസി നിയമനത്തില്‍ ഇടപെടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കണ്ണൂര്‍ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ രാജ്ഭവനില്‍ നേരിട്ടെത്തി ആവശ്യപ്പെട്ടു എന്ന ഗുരുതര ആരോപണവും ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു. തന്റെ നാട്ടുകാരനാണ് വിസിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ തനിക്കെതിരെ നടന്ന ആക്രമണത്തിന്റെ പിആര്‍ഡി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ സംസാരിച്ചു തുടങ്ങിയത്. കണ്ണൂരിലെ പ്രതിഷേധം ആസൂത്രിതമായിരുന്നു. അല്ലെങ്കില്‍ പ്ലക്കാര്‍ഡുകള്‍ പെട്ടന്ന് എങ്ങനെ വന്നുവെന്നും ഗവര്‍ണര്‍ ചോദിച്ചു.

പ്രതിഷേധക്കാരെ അറസ്റ്റു ചെയ്യുന്നതില്‍ നിന്ന് പൊലീസിനെ അന്ന് തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ രാഗേഷാണെന്നും വേദിയില്‍ നിന്ന് ഇറങ്ങി വന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഇതിനുള്ള പ്രതിഫലമാണോ എന്നും അദ്ദേഹം ചോദിച്ചു. ഗവര്‍ണറെ തടഞ്ഞാല്‍ ഏഴുവര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്നും ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന് വികസനം പ്രധാനമല്ല. വിയോജിക്കുന്നവരെ നിശബ്ദരാക്കാനാണ് ശ്രമം. സര്‍ക്കാര്‍ തന്നില്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തുന്നു. ഇതിനാണ് സര്‍ക്കാര്‍ എ.ജിയുടെ നിയമോപദേശം തേടിയത്. രാജ്ഭവനെ നിയന്ത്രിക്കാന്‍ പ്രസിഡന്റിന് മാത്രമാണ് അധികാരം. ഇവിടെ സര്‍ക്കാര്‍ സെക്രട്ടറി തന്നെ രാജ്ഭവന് കത്തയയ്ക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി.

സിപിഎം, മുന്‍മന്ത്രി കെ.ടി ജലീല്‍, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്നിവര്‍ക്കെതിരെയും ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു. ജലീല്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിലെന്നു പറഞ്ഞ അദ്ദേഹം ഇര്‍ഫാന്‍ ഹബീബിന്റേത് ഗുണ്ടായിസമെന്നും ആരോപിച്ചു. എന്തുതന്നെ ആയാലും  നിയമ വിരുദ്ധ ബില്ലുകളില്‍ ഒപ്പിടുന്ന പ്രശ്‌നമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.


നിയമത്തിന്റെ എ.ബി.സി.ഡി അറിയാത്തവരാണ് കേരളം ഭരിക്കുന്നത്. തന്റെ സുരക്ഷയ്ക്ക് എന്തു ചെയ്യണമെന്ന് അറിയാം. അത് പുറത്തു പറയുന്നില്ല. രണ്ടു വര്‍ഷം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായാല്‍ ആജീവനാന്തം പെന്‍ഷന്‍ നല്‍കുന്നത് പൊതുപണം കൊള്ളയടിക്കലാണ്. ഇത് അംഗീകരിക്കാനാവില്ല.

കേരളത്തിലെ ജനങ്ങളെ സേവിക്കാമെന്ന് താന്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. പറയാനുള്ള കാര്യങ്ങള്‍ പറയും. മിണ്ടാതിരിക്കുന്ന പ്രശ്നമില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടുന്ന നടപടി കേരളത്തില്‍ മാത്രമല്ല, രാജ്യത്തു തന്നെ അസാധാരണമാണ്. ഇതുവരെ പൊതു ചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്ന രീതിയാണ് ഗവര്‍ണര്‍ തുടര്‍ന്നു വന്നത്. വാര്‍ത്താ സമ്മേളനം വിളിച്ചതോടെ അദ്ദേഹം കടുത്ത നടപടികളിലേക്കു നീങ്ങുന്നു എന്ന സൂചന ലഭിച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരായ വാര്‍ത്താ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഗവര്‍ണറുമായുള്ള അനുനയ നീക്കത്തിന് സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ രാജ് ഭവനിലേക്ക് അയച്ചുവെങ്കിലും ഫലമുണ്ടായില്ല. ചീഫ് സെക്രട്ടറി വഴി സര്‍ക്കാര്‍ ചില ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചെങ്കിലും ഗവര്‍ണര്‍ നിരസിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.