റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുത്: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി

റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുത്: സര്‍ക്കാരിനെതിരെ  രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളില്‍ നടക്കുന്നത് ഭാഗ്യപരീക്ഷണമാണെന്നും റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുതെന്നും ഹൈക്കോടതി. ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

റോഡിന്റെ ചുമതലയുള്ള സൂപ്രണ്ടിങ് എന്‍ജിനീയര്‍ അടക്കം മൂന്ന് എന്‍ജിനീയര്‍മാര്‍ കോടതിയില്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി് അനുസരിച്ച് റോഡ് നവീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി പറഞ്ഞു.

കാലവര്‍ഷം തുടങ്ങിയതിന് ശേഷമാണ് റോഡ് തകര്‍ന്നു തുടങ്ങിയതെന്ന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ മെയ് മാസത്തോടെയാണ് റോഡില്‍ കുഴികള്‍ രൂപപ്പെട്ടു തുടങ്ങിയത്. അപ്പോള്‍ തന്നെ അപകടസാധ്യതയുണ്ടെന്നും റോഡ് നന്നാക്കേണ്ടതുണ്ട് എന്നുമുള്ള കാര്യം രേഖാമൂലം ചീഫ് എന്‍ജിനീയറെ അറിയിച്ചിരുന്നു.

റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറിയ റോഡ് ആയതിനാലാണ് ഇത്തരത്തില്‍ അറിയിപ്പ് നല്‍കിയത്. കാരണം റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറിയ റോഡുകളില്‍ പൊതുമരാമത്ത് വകുപ്പിലെ നിരത്തു വിഭാഗത്തോട് മറ്റ് നിര്‍മാണ പ്രവൃത്തികള്‍ ചെയ്യേണ്ടതില്ലെന്ന് ചീഫ് എന്‍ജിനീയര്‍ നേരത്തെ രേഖാമൂലം അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് ആലുവ- പെരുമ്പാവൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് തുടങ്ങിയ കാര്യം ചീഫ് എന്‍ജിനീയറെ അറിയിച്ചതെന്നും സൂപ്രണ്ടിങ് എന്‍ജിനീയറും മറ്റ് എന്‍ജിനീയര്‍മാരും കോടതിയെ അറിയിച്ചു.

ഇതോടെ അതിരൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. ഈ റോഡില്‍ വീണാണ് യാത്രികനായ കുഞ്ഞു മുഹമ്മദിന്റെ മരണം സംഭവിച്ചത്. ഇത് ഒഴിവാക്കാവുന്ന അപകടമായിരുന്നു. കീഴുദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടും വിഷയത്തില്‍ നടപടി എടുത്തില്ല എന്നതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായത്.

സംസ്ഥാനത്തെ റോഡുകളില്‍ ഇറങ്ങുന്നവര്‍ ഭാഗ്യം കൊണ്ടാണ് തിരിച്ചു വീട്ടില്‍ എത്തുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അത്തരത്തില്‍ വളരെ ദയനീയമാണ് റോഡുകളുടെ അവസ്ഥ. വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ കയറി വരാതിരിക്കാനുള്ള നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്.

പക്ഷേ അതിനുള്ള യാതൊരുവിധ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന രൂക്ഷ വിമര്‍ശനവും കോടതി നടത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.