മിഷണറീസ് ഓഫ് ചാരിറ്റിയ്‌ക്കെതിരെ വ്യാജ പ്രചരണം നടത്തിയ യൂട്യൂബ് ചാനലിന് എതിരെ കേസ്

മിഷണറീസ് ഓഫ് ചാരിറ്റിയ്‌ക്കെതിരെ വ്യാജ പ്രചരണം നടത്തിയ യൂട്യൂബ് ചാനലിന് എതിരെ കേസ്

കൊച്ചി: മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാര്‍ നടത്തി വരുന്ന എറണാകുളത്തെ നിര്‍മ്മലാ ശിശുഭവനെതിരെ വ്യാജ പ്രചരണം നടത്തിയ യൂട്യൂബ് ചാനലിന് എതിരെ കേസ് ഫയല്‍ ചെയ്തു.

'മഠത്തിന്റെ മറവില്‍ കുഞ്ഞുങ്ങള്‍ക്ക് വിലപേശല്‍... കുഞ്ഞിന് രണ്ട് ലക്ഷം വില പറഞ്ഞ് കന്യാസ്ത്രീ' എന്ന വ്യാജ പ്രചരണമുന്നയിച്ച എബിസി മലയാളം എന്ന യൂട്യൂബ് ചാനലിനെതിരെയാണ് സന്യാസിനികള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 12 നാണ് ഇവര്‍ തെറ്റായ വീഡിയോ പ്രസിദ്ധീകരിച്ചത്.

ഭര്‍ത്താവുമായുണ്ടായ കലഹത്തെ തുടര്‍ന്ന് ജയലക്ഷ്മി എന്ന സ്ത്രീ തനിക്ക് കുട്ടിയെ നോക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് വ്യക്തമാക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് (സി.ഡബ്ല്യൂ.സി) മുന്നില്‍ ആഴ്ചകള്‍ക്ക് മുമ്പാണ് എത്തുന്നത്. കുട്ടിയുടെ പരിപാലന ചുമതല ഏറ്റെടുത്ത ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കുട്ടിയെ ഒരു മാസത്തേയ്ക്ക് നിര്‍മ്മല ശിശുഭവനില്‍ സംരക്ഷിക്കാനായി കൈമാറി.

പിന്നീട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയെ തിരികെ വേണം എന്ന ആവശ്യവുമായി ഭര്‍ത്താവും ജയലക്ഷ്മിയും നേരിട്ട് ശിശുഭവനില്‍ എത്തി. എന്നാല്‍ നിയമപ്രകാരം സി.ഡബ്ല്യൂ.സിയുടെ ഓര്‍ഡര്‍ ഇല്ലാതെ കുട്ടിയെ നല്‍കാന്‍ ശിശുഭവന്‍ അധികൃതര്‍ക്ക് കഴിയുമായിരുന്നില്ല.

സി.ഡബ്ല്യൂ.സിയുടെ ഓര്‍ഡറുമായി വരണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പോയ അവര്‍ ഓര്‍ഡറുമായി വീണ്ടും ശിശുഭവനില്‍ എത്തി. എന്നാല്‍ ശിശുഭവന്റെ ചാര്‍ജുള്ള സന്യാസിനി അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. അതിനാല്‍ ഒരു മണിക്കൂര്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പ്രകോപിതരാവുകയും ബഹളമുണ്ടാക്കുകയും ചെയ്തു.

ഇതേ തുടര്‍ന്നാണ് വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് എബിസി മലയാളം എന്ന യൂട്യൂബ് ചാനല്‍ വീഡിയോ പുറത്തു വിട്ടത്. ഇതിനെതിരെ സോഷ്യല്‍ മീഡിയായില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

യൂട്യൂബ് ചാനലുകാരന്‍ പറയുന്ന അര്‍ത്ഥമില്ലാത്ത ജല്‍പനങ്ങളില്‍ പതറുന്നവരല്ല ക്രൈസ്തവ സന്യസ്തരെന്നും രാത്രിയുടെ യാമങ്ങളില്‍ ഒരു പോള കണ്ണടയ്ക്കാതെ കാവലിരുന്നാണ് കന്യാസ്ത്രീമാര്‍ തങ്ങളെ ഏല്‍പിക്കുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതെന്നും സിസ്റ്റര്‍ സോണിയ തെരേസ് ഫേസ്ബുക്കില്‍ കുറിച്ചു.

ക്രൈസ്തവ സന്യസ്തര്‍ക്ക്‌  എതിരെ നടക്കുന്ന ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ ശക്തമായി പ്രതികരിക്കുമെന്നും സിസ്റ്റര്‍ സോണിയ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.