നേര്‍ക്കുനേര്‍ പോരാട്ടം തുടര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും; സര്‍ക്കാര്‍ ഭരണഘടനാ പ്രതിസന്ധിയിലേക്ക്

നേര്‍ക്കുനേര്‍ പോരാട്ടം തുടര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും; സര്‍ക്കാര്‍ ഭരണഘടനാ പ്രതിസന്ധിയിലേക്ക്

കൊച്ചി: അരയും തലയും മുറുക്കി ഗവര്‍ണറും മുഖ്യമന്ത്രിയും നേര്‍ക്കു നേര്‍ പോരടിക്കുമ്പോള്‍ സര്‍ക്കാര്‍ ഭരണഘടനാ പ്രതിസന്ധിയിലേക്ക്. ഗവര്‍ണറുമായുള്ള അനുനയ സാധ്യത തീര്‍ത്തും ഇല്ലാതായ സാഹചര്യം സര്‍ക്കാരിനെ അങ്കലാപ്പിലാക്കുന്നുണ്ടെങ്കിലും നിയമപരമായും രാഷട്രീയമായും മറുവഴി തേടാനാണ് ഇടത് മുന്നണിയുടെയും സര്‍ക്കാരിന്റെയും ശ്രമം.

ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതില്‍ ഒപ്പിടുന്ന പ്രശ്‌നമില്ലെന്നും ഇന്ന് കൂടുതല്‍ വ്യക്തമായി തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത് സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും പിന്തുണയും ഗവര്‍ണര്‍ക്കുണ്ട്.

നിയമസഭ ഒരു ബില്ല് പാസാക്കിയാല്‍ അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതാണ് കീഴ് വഴക്കം. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ വിശദീകരണം ചോദിക്കാറുമുണ്ട്. നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയ ബില്ലുകള്‍ നിയമ വകപ്പിന്റെ പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ്ഭവനിലെത്തിയിട്ടുണ്ട്.

നിയമപരമായും ഭരണഘടനാപരമായും സാധുവാണോ എന്ന് ഗവര്‍ണര്‍ക്ക് വിലയിരുത്താം. കൂടുതല്‍ വിശദീകരണം തേടാനും തൃപ്തികരമല്ലെങ്കില്‍ സര്‍ക്കാരിലേക്ക് തിരിച്ചയക്കാനും ഗവര്‍ണര്‍ക്ക് കഴിയും. അതേ ബില്ല് വീണ്ടും ഗവര്‍ണര്‍ക്ക് മുന്നിലെത്തിയാല്‍ അതില്‍ ഒപ്പിടുക എന്നതാണ് പതിവ് രീതി. അതുമല്ലെങ്കില്‍ രാഷ്ട്പതിയുടെ അംഗീകാരം തേടി കേന്ദ്രത്തിന് മുന്നിലെത്തിക്കാം.

എന്നാല്‍ ഒപ്പിടാന്‍ സമയപരിധി ഇല്ലെന്നിരിക്കെ ഗവര്‍ണര്‍ക്ക് തീരുമാനം അനിശ്ചിതമായി നീണ്ടിക്കൊണ്ടു പോകാം. ഈ ഘട്ടത്തിലാണ് ഇനി എന്തു ചെയ്യുമെന്ന ചോദ്യം സര്‍ക്കാരിന് മുന്നിലെത്തുന്നത്. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിന് രാഷ്ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കില്‍ ബന്ധപ്പെട്ട കക്ഷികള്‍ വഴി സപ്രീം കോടതിയെ സമീപിക്കാം.

സര്‍ക്കാര്‍ എടുത്ത തീരുമാനം അംഗീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന പേരറിവാളന്‍ കേസിലെ സുപ്രീം കോടതി വിധി അടക്കം ഇക്കാര്യത്തില്‍ അനുകൂലമാകുമെന്നാണ് സര്‍ക്കാരിന് നിയമ വിദഗ്ധര്‍ നല്‍കിയിട്ടുള്ള ഉപദേശം. എന്തായാലും സംസ്ഥാനത്തിന്റെ രഷ്ട്രീയ, ഭരണ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഭിന്നതകളിലേക്കാണ് ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ നീങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.