അബുദാബി: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം. മുംബൈ ഒരുക്കിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ അവസാന ഓവറിലാണ് വിജയം നേടിയത്. അഞ്ച് വിക്കറ്റിനായിരുന്നു ജയം. അമ്പാട്ടി റായിഡുവിന്റെയും ഫാഫ് ഡുപ്ലെസിയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്. ഐപിഎല്ലിലെ ആദ്യ പോരാട്ടത്തില്‍ മുംബൈ ഒമ്പത് മത്സരങ്ങളിലായി എട്ടാമത്തെ തോല്‍വിയാണ് വഴങ്ങേണ്ടി വന്നത്. ഇന്ന് പിറന്ന രണ്ട് അര്‍ധ സെഞ്ച്വറികളും ചെന്നൈ താരങ്ങളാണ് നേടിയത്. അമ്പാട്ടി റായിഡു 48 പന്തില്‍ 71 റണ്‍സെടുത്തു. ഡുപ്ലെസി 58 റണ്‍സുമായി പുറത്താവാതെ നിന്നു.
ആറ് റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ചെന്നൈ പരാജയം ഉറപ്പിച്ചതാണ്. എന്നാല്‍ ഡുപ്ലെസിയും റായുഡുവും ചേര്‍ന്ന് നൂറ് റണ്‍സിലധികം ചേര്‍ത്ത് ടീമിനെ തിരിച്ചുകൊണ്ടുവന്നു. 115 റണ്‍സാണ് ഇവരുടെ കൂട്ടുകെട്ട് ചേര്‍ത്തത്. റായുഡു പുറത്തായ ശേഷം വന്ന രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരാണ് വമ്പനടികളിലൂടെ ജയം എളുപ്പമാക്കിയത്. സാം കറന്‍ ആറ് പന്തില്‍ 18 റണ്‍സടിച്ച് ടീമിന്റെ വിജയത്തില്‍ നിര്‍ണായക താരമായി. കറന്‍ തന്നെയാണ് കളിയിലെ താരവും. മുംബൈ നിരയില്‍ ബൂള്‍ട്ട്. പാറ്റിന്‍സണ്‍, ബുംറ, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. മത്സരത്തിന്റെ തുടക്കത്തില്‍ തകര്‍ത്തടിച്ച മുംബൈ പിന്നീട് ഓള്‍റൗണ്ട് മികവിലൂടെ പിടിച്ചുകെട്ടുകയായിരുന്നു ചെന്നൈ. ധോണിയുടെ ക്യാപ്റ്റന്‍സി മികവും എടുത്ത് പറയേണ്ടതായുണ്ട്. ടോസ് നേടിയ ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ ധോണിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചായിരുന്നു മുംബൈയുടെ തുടക്കം. അഞ്ചോവറാവുമ്പോഴേക്ക് 46 റണ്‍സില്‍ എത്തിയിരുന്നു മുംബൈ. എന്നാല്‍ അഞ്ചാം ഓവറില്‍ പിയൂഷ് ചൗളയെ കൊണ്ടുവന്ന ധോണി മത്സരം മാറ്റുകയായിരുന്നു. ഈ ഓവറില്‍ 12 റണ്‍സെടുത്ത രോഹിത് ശര്‍മ പുറത്തായി.
ഒരുവശത്ത് ക്വിന്റണ്‍ ഡികോക്ക് തകര്‍ത്തടിക്കുന്നുണ്ടായിരുന്നു. ആദ്യ ഓവറില്‍ തന്നെ ബൗണ്ടറി പായിച്ച് തുടങ്ങിയ ഡി കോക്ക് ലുംഗി എന്‍ഗിഡിയുടെ പന്തില്‍ നല്ല രീതിയില്‍ സ്‌കോര്‍ ചെയ്തു. 20 പന്തില്‍ അഞ്ച് ബൗണ്ടറിയോടെയാണ് ഡി കോക്ക് 33 റണ്‍സെടുത്തത്. എന്നാല്‍ രോഹിത് പുറത്തായതിന് പിന്നാലെ സാം കറന്റെ പന്തില്‍ ഷെയ്ന്‍ വാട്‌സണ് ക്യാച്ച് നല്‍കി ഡികോക്ക് മടങ്ങി. പിന്നീട് സൗരഭ് തിവാരിയും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് ഇന്നിംഗ്‌സ് നേരെയാക്കിയത്. സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 17 റണ്‍സെടുത്തു. സൗരഭ് തിവാരി 31 പന്തില്‍ 42 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. യാദവിനെ ചാഹറും തിവാരിയെ ജഡേജയും മടക്കിയാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുന്നത്. തിവാരിയുടെ ഗംഭീര ക്യാച്ചെടുത്ത് ഡുപ്ലെസിയാണ് ശരിക്കും കളി മാറ്റിമറിച്ചത്. രണ്ട് പടുകൂറ്റന്‍ സിക്‌സര്‍ അടിച്ച് ചെന്നൈയെ വിറപ്പിച്ച ഹര്‍ദിക് പാണ്ഡ്യയെയും ഇതേ പോലെ തകര്‍ത്ത ക്യാച്ചിലൂടെ ഡുപ്ലെസി പുറത്താക്കി. ജഡേജയ്ക്ക് തന്നെയായിരുന്നു വിക്കറ്റ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.