ടെഹ്റാൻ: ഇറാനിൽ ഇബ്രാഹിം റെയ്‌സി സര്‍ക്കാര്‍ കൊണ്ടുവന്ന ഹിജാബ് നിയമം ലംഘിച്ചെന്ന പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം തുടരുന്നു. നിരവധി സ്ത്രീകൾ ഹിജാബ് വലിച്ച് കീറി തീയിടുന്നതുൾപ്പെടെ ഉള്ള വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതോടെ മുല്ലപൂ വിപ്ലവത്തിന് ശേഷം പശ്ചിമേഷ്യയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പുതിയൊരു പ്രതിഷേധമുഖം തുറക്കുകയാണ്.
കഴിഞ്ഞ ദിവസം ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മത പോലീസ് പിടികൂടിയ 22 കാരി മഹ്‌സ അമിനിയുടെ ശവസംസ്‌കാര ചടങ്ങിനിടെ നൂറുകണക്കിന് സ്ത്രീകളാണ് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. ഏകാധിപതിക്ക് മരണം എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ ശിരോവസ്ത്രം അഴിച്ച് മാറ്റിയത്.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേനയ്ക്ക് കണ്ണീർ വാതകം ഉൾപ്പെടെ പ്രയോഗിക്കേണ്ടി വന്നു.
പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍ നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് കുടുംബസമേതം എത്തിയതായിരുന്നു മഹ്സ അമിനി. തലസ്ഥാന നഗരിയിലൂടെ യാത്ര ചെയ്യുമ്പോള്‍ തലമുടി കൃത്യമായി മറച്ചില്ലെന്നാരോപിച്ചായിരുന്നു ഇറാനിലെ സദാചാര പോലീസ് ആയ ഗഷ്തെ ഇര്‍ഷാദ് യുവതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായ മഹ്‌സ വെള്ളിയാഴ്ച മരണപ്പെട്ടു. പോലീസിന്റെ മര്‍ദനത്തിൽ മഹ്സയ്ക്ക് തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പരാതി. പോലീസ് വാനില്‍ വച്ച് മത പോലീസ് മഹ്‌സ അമിനിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു.
മഹ്സ അമിനി അടക്കം ഒട്ടേറെ യുവതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നതായും ഇതിനിടെ ഹാളില്‍വെച്ച് മഹ്സ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരണം. യുവതിക്ക് ഹൃദയാഘാതമായിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍ മഹ്സയ്ക്ക് ഹൃദയസംബന്ധമായ ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്ന് കുടുംബാഗങ്ങൾ ചൂണ്ടിക്കാണിച്ചു.
മഹ്‌സ അമിനിയുടെ മരണത്തില്‍ പടിഞ്ഞാറന്‍ ഇറാനില്‍ സദാചാര പോലീസിനെതിരേ പ്രതിഷേധമുയര്‍ന്നത്. ടെഹ്റാന്‍ സര്‍വ്വകലാശാലയ്ക്ക് പുറത്ത് സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. ആയിരക്കണക്കിന് സ്ത്രീകള്‍ ഏകാധിപത്യ ഭരണത്തിനെതിരെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രകടനം നടത്തി.
ഇറാനിലെ യുവതിയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലും ആവശ്യപ്പെട്ടു. സാമൂഹികമാധ്യമങ്ങളിലും പോലീസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. യുവതിയുടെ മരണത്തിന് കാരണക്കാരായ കുറ്റവാളികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് മഹ്‌സയെ ചികിൽസിച്ചിരുന്ന ആശുപത്രി വളപ്പിൽ ആരംഭിച്ച പ്രതിഷേധമാണ് രാജ്യം മുഴുവൻ പടർന്നിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.