'ജന്മദിനാശംസകള്‍ മോഡി ജീ, നിങ്ങളുടെ നിഷ്‌ക്രിയത്വം കാരണം ഞാന്‍ ജീവനൊടുക്കുന്നു'; കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

'ജന്മദിനാശംസകള്‍ മോഡി ജീ, നിങ്ങളുടെ നിഷ്‌ക്രിയത്വം കാരണം ഞാന്‍ ജീവനൊടുക്കുന്നു'; കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. ദശരഥ് കേദാരി എന്ന 42കാരനാണ് മരിച്ചത്. ഉള്ളി കൃഷി ചെയ്തിരുന്ന ദശരഥ് കീടനാശിനി കഴിച്ച ശേഷം കുളത്തിലേക്ക് ചാടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17നായിരുന്നു ആത്മഹത്യാ. മരിക്കുന്നതിന് മുമ്പ് കര്‍ഷകന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

പൂനെയിലെ ജുന്നാറില്‍ വഡ്ഗാവ് ആനന്ദ് ഗ്രാമത്തിലാണ് സംഭവം. സഹകരണ സംഘത്തില്‍ നിന്നും വായ്പ എടുത്താണ് ദശരഥ് കൃഷി ഇറക്കിയത്. ഇത്തവണ മികച്ച വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. കനത്ത മഴയില്‍ ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിച്ചു. സോയാബീന്‍, തക്കാളി കൃഷികള്‍ക്കും നാശം സംഭവിച്ചു. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങി.

വായ്പ മുടങ്ങിയതോടെ സഹകരണ സംഘം ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് മോശമായി പെരുമാറി. അസഭ്യം പറഞ്ഞും, ഭീഷണിപ്പെടുത്തിയും ദശരഥിനെ സമ്മര്‍ദ്ദത്തിലാക്കി. പണം നല്‍കാന്‍ മറ്റ് വഴികള്‍ ഇല്ലാത്തതിനാല്‍ ദശരഥ് ജീവനൊടുക്കാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ആത്മഹത്യാ കുറിപ്പും തയ്യാറാക്കി.

'ജന്മദിനാശംസകള്‍ മോഡി ജീ' എന്ന് തുടങ്ങുന്ന കുറിപ്പില്‍ ഉള്ളിക്കും മറ്റ് വിളകള്‍ക്കും താങ്ങുവില ലഭിക്കാത്തതില്‍ വിഷമമുണ്ടെന്ന് കര്‍ഷകന്‍ പറയുന്നു. ''വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ നിഷ്‌ക്രിയത്വം കാരണം ഇന്ന് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനാണ്. ഞങ്ങളുടെ വിളകള്‍ക്കുള്ള ന്യായമായ ഗ്യാരണ്ടീഡ് മാര്‍ക്കറ്റ് വില തരൂ.'' മറാത്തി ഭാഷയില്‍ എഴുതിയ കുറിപ്പില്‍ അവ്യക്തമാക്കുന്നു.

കൂടാതെ ആത്മഹത്യാ കുറിപ്പ് കേദാരിയുടെ ബന്ധുവാണ് പൊലീസിന് കൈമാറിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പില്‍, കടം കൊടുക്കുന്നവരുടെ ഭീഷണിയും സഹകരണ സംഘം ഉപയോഗിക്കുന്ന അധിക്ഷേപ വാക്കുകളും കര്‍ഷകന്‍ പരാമര്‍ശിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.