മെക്‌സിക്കോയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്; ദുരന്തമുണ്ടായത് ഭൂകമ്പ വാര്‍ഷിക ദിനത്തില്‍

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്; ദുരന്തമുണ്ടായത് ഭൂകമ്പ വാര്‍ഷിക ദിനത്തില്‍

മെക്സിക്കോ സിറ്റി: മെക്‌സിക്കോയുടെ മധ്യ പസഫിക് തീരത്തുണ്ടായ വന്‍ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച്ച ഉച്ചക്ക് 1.5 നായിരുന്നു ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ പ്രദേശത്ത് വലിയ തോതിലുള്ള നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മെക്സിക്കോ സിറ്റി മേയര്‍ ക്ലോഡിയ ഷെന്‍ബോം ട്വിറ്ററില്‍ കുറിച്ചു.

മെക്‌സിക്കോയില്‍ ആയിരക്കണക്കിന് പേരുടെ മരണത്തിന് കാരണമായ രണ്ട് തീവ്ര ഭൂകമ്പങ്ങളുടെ വാര്‍ഷിക ഓര്‍മ്മപുതുക്കലിനിടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂകമ്പമുണ്ടായത് ആശങ്ക ഇരട്ടിപ്പിച്ചു. ഒരേ ദിവസം ഭൂകമ്പം ആവര്‍ത്തിക്കുന്നതിന്റെ കടുത്ത ഞെട്ടല്‍ പലരും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളോട് പങ്കുവച്ചു.

രാജ്യത്തെ തീരദേശ സംസ്ഥാനങ്ങളായ മൈക്കോകാന്‍, കോളിമ, ജാലിസ്‌കോ എന്നിവിടങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. കോളിമ സംസ്ഥാനത്തെ ഷോപ്പിംഗ് സെന്ററിന്റെ മതില്‍ ഇടിഞ്ഞുവീണാണ് ഒരാള്‍ മരിച്ചത്. ഇവിടങ്ങളില്‍ 1.2 ദശലക്ഷം ആളുകള്‍ വൈദ്യുതിയില്ലാതെ ദുരിതത്തിലാണ്്. തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയുടെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഭൂകമ്പത്തിന് ഒരു മണിക്കൂര്‍ മുമ്പ്, രാജ്യവ്യാപകമായി ഭൂകമ്പ അലാറങ്ങള്‍ മുഴങ്ങി. ഭൂകമ്പത്തെത്തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ആളുകളെ നിര്‍ബന്ധിതമായി ഒഴിപ്പിച്ചു.

ഭൂചലനത്തെ തുടര്‍ന്ന് മെക്സിക്കന്‍ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതലായി മെക്സിക്കോ സിറ്റിയില്‍ ആളുകളെ കെട്ടിടങ്ങളില്‍നിന്ന് ഒഴിപ്പിച്ചു. ഭൂകമ്പമുണ്ടായ പ്രദേശത്ത് നിന്നും 600ലേറെ കിലോമീറ്റര്‍ അകലെയാണ് രാജ്യതലസ്ഥാനമായ മെക്സിക്കോ സിറ്റി.

അതേസമയം മെക്സിക്കോയിലെ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയുടെ തീരപ്രദേശത്തെ സുനാമി ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

1985ലും 2017ലും ഇതേ ദിവസം തന്നെ മെക്‌സിക്കോയില്‍ ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്. 1985-ല്‍ മെക്സിക്കോയില്‍ നടന്ന ഭൂചലനത്തില്‍ ഏകദേശം പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. കനത്ത നാശനഷ്ടങ്ങളും പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്റ്റംബര്‍ 19-നായിരുന്നു അന്ന് ഭൂകമ്പമുണ്ടായത്. 2017-ല്‍ ഇതേ ദിവസം ഭൂചലനമുണ്ടായിരുന്നു. 3702 പേരാണ് അന്ന് മരണപ്പെട്ടത്. 7.1 തീവ്രതയിലായിരുന്നു ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.