ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ സോണിയാ ഗാന്ധി അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ പോര് മുറുകിയതോടെയാണ് സോണിയാ ഗാന്ധിയുടെ ഇടപെടല്‍. ആലപ്പുഴയില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഉടന്‍ ഡല്‍ഹിയിലെത്താന്‍ വേണുഗോപാലിനോട് ആവശ്യപ്പെട്ടത്. ഇന്നു രാവിലെയാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചത്.
സംഘടനാപരമായ ആവശ്യങ്ങള്‍ക്കാണ് വേണുഗോപാലിനെ വിളിപ്പിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ശശി തരൂര്‍ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും മത്സരിക്കും. ഇതിനൊപ്പം മനീഷ് തിവാരിയും മത്സരിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഈ സാഹചര്യത്തിലാണ് വേണുഗോപാലിനെ ഉള്‍പ്പെടെ വിളിച്ചു വരുത്തി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം രാഹുല്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രമേയം പാസാക്കും. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം പൂര്‍ത്തിയായ ശേഷമാകും പ്രമേയം പാസാക്കുക. നിരവധി പി.സി.സികള്‍ രാഹുലിനായി പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ കെപിസിസിയും അത്തരമൊരു പ്രമേയം കൊണ്ടുവരേണ്ടതാണെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില് ഉണ്ട്.
എന്നാല്‍ കേരളം രാഹുലിനൊപ്പമാണെന്നും പ്രത്യേക പ്രമേയത്തിന്റെ ആവശ്യമില്ലെന്നുമാണ് കേരള നേതാക്കള്‍ വ്യക്തമാക്കുന്നത്. തരൂര്‍ മത്സരരംഗത്തുണ്ടെന്ന് ഉറപ്പായിട്ടും കെപിസിസിയുടെ പിന്തുണ തരൂരിനെല്ലെന്നത് ശ്രദ്ധേയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.