ഇന്ത്യയില്‍ നിന്നും മോഷണം പോകുന്ന ഫോണുകള്‍ എത്തുന്നത് ബംഗ്ലാദേശില്‍; ഫോണ്‍ കടത്തില്‍ മദ്രസ അധ്യാപകനും പങ്ക്

 ഇന്ത്യയില്‍ നിന്നും മോഷണം പോകുന്ന ഫോണുകള്‍ എത്തുന്നത് ബംഗ്ലാദേശില്‍; ഫോണ്‍ കടത്തില്‍ മദ്രസ അധ്യാപകനും പങ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് നിന്നും മോഷണം പോകുന്ന മൊബൈല്‍ ഫോണുകള്‍ രാജ്യത്തിന് പുറത്തേയ്ക്ക് കടത്തുന്നതായി അന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍. മുംബൈ പൊലീസാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. കൊറിയര്‍ ഏജന്‍സികള്‍ വഴിയും ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഗ്രാമവാസികള്‍ വഴിയും ഫോണുകള്‍ കടത്തുന്നതായിട്ടാണ് കണ്ടെത്തല്‍.

മുംബൈ നഗരത്തില്‍ നടത്തിയ അന്വേഷണത്തില്‍ 21 പേരെ അറസ്റ്റ് ചെയ്യുകയും മോഷണം പോയ 800 ഓളം മൊബൈലുകള്‍ കണ്ടെടുക്കുകയും ചെയ്തു. പിടിക്കപ്പെട്ടവരില്‍ ഒരാള്‍ അതിര്‍ത്തി സംസ്ഥാനമായ ത്രിപുരയില്‍ നിന്നുള്ളയാളാണ്.

മോഷ്ടിക്കുന്നവയില്‍ ഉയര്‍ന്ന വില ലഭിക്കുന്ന ഫോണുകളാണ് നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്തുന്നത്. വില കുറഞ്ഞ ഫോണുകള്‍ ഇന്ത്യയില്‍ തന്നെ വിറ്റഴിക്കും. ജൂണ്‍ മാസത്തില്‍ ഇത് സംബന്ധിച്ച് ലഭിച്ച സൂചനയില്‍ നിന്നുമാണ് പ്രത്യേക സംഘത്തെ രൂപീകരിച്ച് മുംബൈ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. മോഷ്ടിച്ച ഫോണുകള്‍ അയല്‍രാജ്യങ്ങളില്‍ വില്‍ക്കുന്നതിനുള്ള നെറ്റ്വര്‍ക്കുകളും സജീവമാണ്. മോഷ്ടിച്ച ഫോണിന്റെ ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടും. തുടര്‍ന്ന് ആവശ്യക്കാരുണ്ടെങ്കില്‍ ഫോണ്‍ പായ്ക്ക് ചെയ്ത് അയക്കും. അഷ്ഫാഖ് അഹമ്മദ് അബ്ദുള്‍ അസീസ് ഷെയ്ഖ് ആണ് റാക്കറ്റിലെ മുഖ്യ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാള്‍ മുമ്പ് മദ്രസയിലെ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഇയാളാണ് മോഷണ ഫോണുകളുടെ റാക്കറ്റിനെ നിയന്ത്രിക്കുന്നത്.

നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും ഫോണുകള്‍ അയക്കുന്നതില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പറുകള്‍ മാറ്റി നേപ്പാളിലെയും ബംഗ്ലാദേശിലെയും ആളുകള്‍ക്ക് ഹാന്‍ഡ്സെറ്റുകള്‍ ലേലം ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇതിനായുള്ള 43 വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇയാളുടെ സാന്നിധ്യം അന്വേഷണ സംഘം തിരിച്ചറിഞ്ഞു.

ഷെയ്ഖിന്റെ കുടുംബം നേപ്പാളിലാണ് ഇപ്പോഴുള്ളത്. മോഷ്ടിച്ച ഫോണുകള്‍ ആദ്യം ത്രിപുരയിലേക്ക് കൊറിയര്‍ ചെയ്യുകയും അവിടെ നിന്നും ബംഗ്ലാദേശില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്. മോഷ്ടിച്ച ഫോണുകള്‍ ശേഖരിച്ച് ബംഗ്ലാദേശില്‍ വില്‍ക്കുന്ന മൂന്ന് പേരെ മുംബൈ പൊലീസ് തിരിച്ചറിഞ്ഞു. അയല്‍ രാജ്യത്തേയ്ക്ക് കടത്തിയാല്‍ അന്വേഷണഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ പ്രയാസമാണ്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുകളാണ് പൊലീസ് കണ്ടെടുത്തത്.

ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് ഈ ആഴ്ച മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. മുന്നൂറ്റിയമ്പതോളം സെല്‍ ഫോണുകളാണ് കണ്ടെടുത്തത്. ബിഎസ്എഫ് രഹസ്യാന്വേഷണ വിഭാഗമാണ് ഫോണുകള്‍ പിടിച്ചെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.