സമാധാനപ്പിറാവുകള്‍ പറക്കുമ്പോള്‍

സമാധാനപ്പിറാവുകള്‍ പറക്കുമ്പോള്‍

തുര്‍ക്കി കടല്‍ത്തീരത്തടിഞ്ഞ എയ്ലന്‍ എന്ന മൂന്നു വയസുകാരന്റെ അവസാന നിശ്വാസം, ചോര കൊതിക്കുന്ന ഭൂമിയിലെ ദേവന്മാരുടെ നെഞ്ചിടിപ്പിനു ചോട്ടില്‍ മനുഷ്യ മനസാക്ഷിയുടെ സമാധാന പ്രാര്‍ത്ഥനയായി ചെന്നു മുട്ടുകയാണ്. വിശന്നു വലഞ്ഞ സ്രാവുകളും കടല്‍പ്പന്നികളും തിരകള്‍ക്കു മുകളിലൂടെ ഇരകളെത്തിരയുന്ന ശവംതീനിക്കഴുകന്മാരും കടലോളത്തില്‍ ഒഴുകി നടന്ന ഈ കിളുന്തുമേനിയെ നുള്ളിനോവിച്ചില്ലെങ്കിലും അവന്‍ പിടച്ചു നീട്ടിയ പിഞ്ചുകരങ്ങളില്‍ പിടിച്ചു കയറ്റാന്‍ പക്ഷേ വികസിത രാഷ്ട്രപിതാക്കന്മാര്‍ ആരുടെയും വിരല്‍ വിടര്‍ന്നില്ല!

ആര്‍ത്തിപ്പല്ലുകള്‍ വിടര്‍ത്തിച്ചിരിക്കുന്ന പൈശാചികതയുടെ കറുത്ത തമ്പുരാക്കന്മാര്‍ അട്ടഹാസം കൊണ്ട് ആട്ടിയോടിക്കുന്ന അഭയാര്‍ത്ഥികളുടെ നിശബ്ദ വിലാപങ്ങള്‍ക്കും ദേവാലയങ്ങളിലെ ബലിപീഠങ്ങളില്‍ ചിതറിത്തെറിക്കുന്ന നിഷ്‌കളങ്ക വിശ്വാസികളുടെ വ്യാകുലങ്ങള്‍ക്കുമിടയിലൂടെ ഒലിവിലത്തളി രുതേടി സമാധാനപ്പിറാവുകള്‍ പറന്നണയുന്ന ഒരു സുദിനമുണ്ട്. സെപ്റ്റംബര്‍ 21 - ലോക സമാധാന ദിനം!

കൊന്നും കൊലവിളിച്ചും കൊള്ളയടിച്ചും പരസ്പരം സര്‍വനാശം വിതയ്ക്കുന്ന വിനാശകാരികളായ വിവരസാങ്കേതിക വിദ്വാന്മാരെ ലോകനന്മയിലേക്ക് നയിച്ച്, പരസ്പര സ്‌നേഹവും സഹജീവി ബോധവും വളര്‍ത്തി ലോകശാന്തി പുലര്‍ത്തുവാനുള്ള ഒരുപറ്റം മനുഷ്യ സ്‌നേഹികളുടെ നിരന്തര പരിശ്രമ ഫലമാണ് സമാധാനത്തിനായുള്ള ഈ ദിനാചരണം.
1981ലെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ബ്രിട്ടനും കോസ്റ്ററിക്കയും മുന്നോട്ടുവച്ച ഈ നിര്‍ദേശം ഇന്ന് ലോക മനസിനെ സ്പര്‍ശിക്കുന്ന ദിനാചരണങ്ങളിലൊന്നാണ്. ''ലോകസമാധാനം നീണാള്‍ വാഴട്ടെ'' എന്നെഴുതിയ ഭീമന്‍ മണിയാണ് യു.എന്‍ തലസ്ഥാനത്ത് സമാ ധാന ദിനത്തില്‍ മുഴങ്ങുന്നത്. ''സമാധാനം എന്നില്‍നിന്നു തുടങ്ങട്ടെ'' എന്നതാണ് ഈ ദിനത്തിന്റെ പ്രാര്‍ത്ഥന.

ലോക രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഈഗോക്ലാഷില്‍ നിരപരാധികളായ ആയിരങ്ങള്‍ ബലിയാകുന്നു. മതതീവ്രവാദികളും മയക്കുമരുന്നു മുതലാളിമാരും ആയുധപ്പാടങ്ങളില്‍ വിളയുന്ന അണുബോംബ് ഉള്‍പ്പെടെയുള്ള വിനാശ വിത്തുകളുടെ വിതക്കാരും യുദ്ധത്തിന്റെയും ക്രൂരതയുടെയും പരസ്യവിപണി തുറന്നു കഴിഞ്ഞു. സമാധാന ചര്‍ച്ചയ്ക്കു വരുന്ന ലോക രാഷ്ട്രനേതാക്കള്‍ തന്നെ, തലേരാത്രി ശതകോടികളുടെ ആയുധ വ്യാപാരക്കരാറില്‍ ഒപ്പുവച്ചിട്ടുണ്ടാകും!

എല്ലാവരും പരസ്പരം ഭയപ്പെടുന്ന ഒരു ലോകമാണിത്. അയല്‍ക്കാരന്‍ കൊള്ളയടിക്കുന്ന ദുസ്വപ്നം കണ്ടാണ് പലരും ഞെട്ടിയുറങ്ങുന്നത്! ഇന്നോളം മനുഷ്യരാശിയെ കൊലയ്ക്കുവച്ച ലോകഭീകര യുദ്ധക്കളങ്ങളില്‍ വീണു പൊലിഞ്ഞ എല്ലാ മനുഷ്യരുടെയും അവസാന പ്രാര്‍ത്ഥന യുദ്ധമില്ലാതിരുന്നെങ്കില്‍ എന്ന കൊതിയായിരുന്നു!
മനുഷ്യനില്‍ ദൈവത്തെക്കാണുന്നവര്‍ക്ക് ദൈവത്തെക്കാണുവാനായി മനുഷ്യനെ കൊല്ലുന്ന നാരകീതയതയെ പിന്തുണയ്ക്കാനാവില്ലെന്ന് ഉറക്കെപ്പറയാം. കറുത്ത തുണികൊണ്ട് മുഖം മൂടിനിന്ന് നിസഹായന്റെ കഴുത്തില്‍ കത്തിതാഴ്ത്തി നടത്തുന്ന കൊലവിളികളേയും പ്രാര്‍ത്ഥന എന്നു വിളിക്കേണ്ടി വരുന്ന ഈ ദുരിതകാലത്തില്‍ എന്റെ സഹോദരന്റെ കാവല്‍ ഞാനേറ്റെടുക്കാം എന്നു ചൊല്ലുന്ന മാനവികതയുടെ സംഘഗാനം മുഴങ്ങട്ടെ ഈ സമാധാന ദിനത്തിലും!

ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം!

ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും.

ഫാ. റോയി കണ്ണൻചിറയുടെ കൂടുതൽ കൃതികൾ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.