ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ രണ്ടിന്

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ രണ്ടിന്

ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ 41 മത് പതിപ്പിന് നവംബർ 21 ന് തിരി തെളിയും. വാക്ക് പ്രചരിക്കട്ടെ യെന്നതാണ് ഇത്തവണത്തെ ആപ്ത വാക്യം. ഷാ‍ർജ എക്സ്പോ സെന്‍ററിലാണ് 12 ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവം അരങ്ങേറുക.

ഷാർജയുടെ സംസ്കാരം ഉയർത്തിപ്പിടിക്കുന്ന ഷാർജ പുസ്തകോത്സവം ഇത്തവണയും വായനയുടെ പ്രാധാന്യം ഓരോരുത്തരേയും ഓർമ്മപ്പെടുത്തുമെന്ന് ഷാർജ ബുക്ക് അതോറിറ്റി വിലയിരുത്തുന്നു.

എഴുതപ്പെട്ട വാക്കിന്‍റെ ശക്തിയും വാക്കുകളിലൂടെ സുസ്ഥിരവും ശോഭനവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനെ കുറിച്ചുമുളള അവബോധം സൃഷ്ടിക്കുകയെന്നുളളതാണ് പുസ്തകോത്സവത്തിന്‍റെ ദൗത്യം.

ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം. വിവിധ ലോകരാജ്യങ്ങള്‍ തമ്മിലുളള സാംസ്കാരിക ആശയവിനിമയത്തിന്‍റെ പാലമായി പുസ്തകോത്സവം നിലകൊണ്ടിട്ടുണ്ട്. വാക്കുകളുടെ ശക്തിയില്‍ വിശ്വസിക്കാന്‍ പുസ്തകോത്സവം ലോകത്തോട് പറയാതെ പറയുന്നു.

ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല‍്ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദീർഘ വീക്ഷണമാണ് പുസ്തകോത്സവത്തിന്‍റെ അടിത്തറയെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു.

ഒരു രാജ്യത്തെയും ലോകത്തേയും സ്വാധീനിക്കാനും രൂപപ്പെടുത്താനും കഴിയുന്നവരാണ് എഴുത്തുകാരും, ബുദ്ധിജീവികളും, കവികളും. പുസ്തകങ്ങള്‍ ഒരു ജനതയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു. സമ്പദ് വ്യവസ്ഥയുടെ എഞ്ചിനുകളാണ് പുസ്തകങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാക്കിന്‍റെ യഥാർത്ഥ ശക്തിയെന്തെന്ന് തിരിച്ചറിയുകയും ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ പുസ്തകങ്ങളും അതിലൂടെ വാക്കുകളും ചെലുത്തുന്ന സ്വാധീനത്തേയും പ്രതിഫലിപ്പിക്കുന്നതാണ് വാക്ക് പ്രചരിക്കട്ടെന്ന ഇത്തവണത്തെ ആപ്തവാക്യമെന്ന് എസ് ഐ ബി എഫ് ജനറല്‍ കോർഡിനേറ്റർ ഖൗല അല്‍ മുജൈനി പറഞ്ഞു.

കലാ സാംസ്കാരിക ചർച്ചകളും ശില്‍പശാലകളും സംഗീത പരിപാടികളുമെല്ലാം ഇത്തവണയും പുസ്തകോത്സവത്തില്‍ ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.