ഷാർജ: കടുത്ത വേനലില്‍ അടച്ചിട്ടിരുന്ന ഷാർജ സഫാരി പാർക്ക് ചൂട് കുറഞ്ഞതോടെ വീണ്ടും തുറന്നു. നിരവധി പുതിയ കാഴ്ചകളുമായാണ് ഈ സീസണില്‍ സഫാരി പാർക്ക് സന്ദർശകരെ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഇല്ലാതിരുന്ന മൃഗങ്ങളും പക്ഷികളും ഇത്തവണ പാർക്കില്‍ കാണാം.
ആഫ്രിക്കയ്ക്ക് പുറത്ത് മറ്റൊരു ആഫ്രിക്കയെന്നുളളത് ലക്ഷ്യമിട്ടാണ് മരുഭൂമിയുടെ നടുവില്‍ ഷാർജ സഫാരി ഒരുക്കിയിരിക്കുന്നത്.കഴിഞ്ഞ വർഷമാണ് പാർക്ക് തുറന്നത്. 12 വർഗങ്ങളില്‍ പെട്ട അന്‍പതിനായിരത്തിലേറെ ജീവികള്‍ ഇവിടെയുണ്ടെന്ന് അധികൃതർ പറഞ്ഞു.
വംശനാശ ഭീഷണി നേരിടുന്നവ ഉള്‍പ്പടെ 120 ഇനം ആഫ്രിക്കന്‍ മൃഗങ്ങളെയും കാണാം. സുരക്ഷ കണക്കിലെടുത്താണ് വേനല്‍കാലത്ത് പാർക്ക് അടച്ചിടുന്നത്.
സഫാരി പാർക്ക് നടന്ന് കാണാന്‍ 40 ദിർഹത്തിന്‍റെ ബ്രോണ്‍സ് ടിക്കറ്റ് എടുക്കാം. മൂന്നുമുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 15 ദിർഹമാണ് നിരക്ക്. സില്‍വർ ടിക്കറ്റിന് 120 ദിർഹമാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 50 ദിർഹം. ബസില്‍ കാഴ്ചകള്‍ ആസ്വദിക്കാം.
275 ദിർഹം നൽകി ഗോൾഡ് ടിക്കറ്റെടുത്താൽ ആഡംബര കാറിൽ യാത്ര ചെയ്ത് കാഴ്ചകൾ കാണാം. രണ്ടുമുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 120 ദിർഹമാണ് നിരക്ക്.
സംഘമായാണ് സഫാരി പാർക്ക് സന്ദർശിക്കുന്നതെങ്കില്‍ ടിക്കറ്റ് നിരക്കില്‍ പാക്കേജും ലഭ്യമാണ്. ആറ് പേരടങ്ങിയ സംഘത്തിന് 1500 ദിർഹമിനും ഒമ്പത് പേർക്ക് 2250 ദിർഹമിനും 12 പേർക്ക് 3500 ദിർഹമിനും ഗോൾഡ് ടിക്കറ്റെടുക്കാം.വൈകീട്ട് 6.30 വരെയാണ് പാർക്ക് തുറന്നിരിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.