രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് സച്ചിന്‍ പൈലറ്റ്‌

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് സച്ചിന്‍ പൈലറ്റ്‌

കൊച്ചി: രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. പ്രവര്‍ത്തകരുടെയടക്കം വികാരം അതാണ്. രാഹുലുമായി ഇക്കാര്യം സംസാരിച്ചു. ആര്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവകാശമുണ്ടെന്നും തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ സച്ചിന്‍ പൈലറ്റ് കൊച്ചിയിൽ മാധ്യമ പ്രവത്തകരോട് പറഞ്ഞു. 

അതേസമയം സച്ചിൻ പൈലറ്റ് കേരളത്തിൽ എത്തിയതിന് പിന്നാലെ രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. ഇന്ന് രാത്രി പത്ത് മണിക്കാണ് യോഗം. 

അധ്യക്ഷനാകണമെന്ന് സോണിയ ഗാന്ധി നേരത്തെ ഗെഹ്‍ലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ അധ്യക്ഷനാവട്ടെ എന്ന നിലപാടാണ് ഗെഹ്‍ലോട്ട് സ്വീകരിച്ചിരുന്നത്. അധ്യക്ഷനാകുമ്പോൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവരുമെന്നും ഒഴിയുകയാണെങ്കിൽ താൻ പറയുന്ന ആളെ മുഖ്യമന്ത്രിയായി നിയമിക്കണമെന്നുമായിരുന്നു ഗെഹ്‍ലോട്ടിന്റെ ആവശ്യം.

ഈ നിലപാടിനോട് ഹൈക്കമാന്റിന് യോജിപ്പുണ്ടായിരുന്നില്ല. കോൺഗ്രസ് അധ്യക്ഷനായി താൻ പോകുമ്പോൾ സച്ചിന് സ്ഥാനം കിട്ടുന്നത് തടയുക എന്നതാണ് ഗെഹ്‍ലോട്ടിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം രാഹുൽ ഗാന്ധിയും അശോക് ഗെഹ്ലോട്ടും സ്ഥാനാർഥിത്വത്തിൽ നിന്ന് മാറിയാൽ മുകുൾ വാസ്‌നിക്കിനെ പരിഗണിക്കാനായിരുന്നു എഐസിസിയുടെ ആലോചന. നെഹ്റു കുടുംബപക്ഷത്തിന്റെ സ്ഥാനാർത്ഥി വൈകുന്നത് ജി 23യിലും തീരുമാനം വൈകാനിടയാക്കുകയാണ്.

രാഹുൽ ഗാന്ധി മത്സരിച്ചാൽ ജി 23ക്കായി മനീഷ് തിവാരി മത്സരിക്കണമെന്നും മറ്റൊരു സ്ഥാനർഥിയാണെങ്കിൽ ശശി തരൂർ സ്ഥാനാർഥിയാകണമെന്നുമാണ് അവർക്കിടയിലെ ധാരണ. കൂടുതൽ ചർച്ചകൾക്കും തീരുമാനത്തിനുമായി സോണിയ ഗാന്ധി വിളിച്ചതനുസരിച്ചു കെ.സി വേണുഗോപാൽ ഡൽഹിയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.