'മാലാഖമാരുടെ കട' യുമായി കാഞ്ഞിരപ്പള്ളി രൂപത

'മാലാഖമാരുടെ കട' യുമായി കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി: എയ്ഞ്ചൽ ഷോപ്പെന്ന 'മാലാഖമാരുടെ കട' യുമായി എത്തിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി രൂപത. മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ തൊഴിലധിഷ്ഠിത പുനരധിവാസത്തിന്റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന വി കെയർ സെന്റർ ഏയ്ഞ്ചൽസ് ഷോപ്പ് എന്ന സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. 

കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാത്യു അറയ്ക്കലാണ് കടയുടെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചത്. 18 വയസു കഴിഞ്ഞ ഭിന്നശേഷിക്കാരായ യുവാക്കൾക്ക് വേണ്ടി കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ പുളിമാവിലെ നല്ല സമറായൻ ആശ്രമത്തോട് ചേർന്ന് പ്രവർത്തിച്ചു വരുന്ന ഫാം സ്കൂളിന്റെ ഭാഗമായാണ് എയ്ഞ്ചൽസ് ഷോപ്പ് പ്രവർത്തിക്കുന്നത്. 

പേര് പോലെ തന്നെ മാലാഖമാരുടെ കടയാണ് എയ്ഞ്ചൽ ഷോപ്പ്. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേയ്ക്കെത്തിക്കാനുള്ള വേറിട്ട ആശയമാണ് എയ്ഞ്ചൽസ് ഷോപ്പിന് പിന്നിൽ. കുഞ്ഞു മാലാഖമാർ നിർമിക്കുന്ന വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കൾ, ഡിറ്റർജന്റുകൾ, മെഴുകുതിരി, ഫാം സ്കൂളിൽ വളർത്തുന്ന മത്സ്യങ്ങൾ, നാടൻ പച്ചക്കറികൾ തുടങ്ങി വിവിധ ഉൽപന്നങ്ങൾ വിൽപ്പന നടത്തുവാനായാണ് എയ്ഞ്ചൽസ് ഷോപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്.

ജൈവ പച്ചക്കറികൾ, നാടൻ പശുക്കൾ, ആടുകൾ, താറാവുകൾ, മത്സ്യങ്ങൾ തുടങ്ങി കൃഷികൾക്കായുള്ള നിരവധി പരിശീലനങ്ങൾ ഫാമിന്റെ കീഴിൽ നൽകുന്നു. ഇവിടെ നിന്നുമുള്ള സാധനങ്ങളാണ് പ്രധാനമായും കടയിൽ വിൽക്കുന്നത്. ഭിന്നശേഷിക്കാരായിട്ടുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് കടയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് എയ്ഞ്ചൽസ് വില്ലേജിന്റെ ഡയറക്ടർ ഫാ. റോയ് മാത്യു വടക്കേൽ പറഞ്ഞു. 

മാനസികമായി വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കായി കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. അതിലൊന്നാണ് ചെങ്കൽ പ്രദേശത്ത് എട്ടേക്കർ സ്ഥലത്ത് എയ്ഞ്ചൽസ് വില്ലേജ് എന്ന പേരിൽ പ്രവർത്തിച്ചു വരുന്ന സ്കൂൾ. ഇതിന്റെ ഭാഗമായി എയ്ഞ്ചൽസ് ഗാർഡൻ എന്ന പേരിൽ കുട്ടികൾക്കായി വിവിധതരം ഫിസിയോതെറാപ്പികളും നൽകുന്നുണ്ട്. 

നാലു വയസ് മുതൽ 18 വയസ് വരെയുള്ള എയ്ഞ്ചൽ സ്കൂളിലെ കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും താമസിക്കാനായി രൂപതയുടെ കീഴിൽ എയ്ഞ്ചൽസ് ഹോം എന്ന പേരിൽ 21 അപ്പാർട്ട്മെന്റുകൾ പണിയുന്നുണ്ട്. അതിൽ 17 എണ്ണവും വാസയോഗ്യമായി കഴിഞ്ഞെന്ന് ഫാ. റോയ് മാത്യു വടക്കേൽ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.