മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലിയ സംഭവം; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലിയ സംഭവം; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലിയ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പാണ് ചേര്‍ത്തത്. ആക്രമണത്തിന് ഇരയായ പ്രേമനനന്റെ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. പ്രേമനന്റെ മകളുടെയും സുഹൃത്തിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

മകള്‍ക്കായി സ്റ്റുഡന്റ് കണ്‍സെഷന്‍ ടിക്കറ്റ് എടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആമച്ചല്‍ സ്വദേശി പ്രേമനനെ കെഎസ്ആര്‍ടിസി ജീവക്കാര്‍ക്ക് മര്‍ദിച്ചത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെയാണ് കാട്ടാക്കട പൊലീസ് ഇന്നലെ കേസ് എടുത്തത്. അന്യായമായി തടഞ്ഞു വെച്ച് മര്‍ദ്ദിക്കല്‍, സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളായിരുന്നു ഇവര്‍ക്കെതിരെ ഇന്നലെ ചുമത്തിയത്. സംഭവത്തില്‍ നാല് ജീവനക്കാരെ ഇന്നലെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സിഐടിയു കാട്ടാക്കട യൂണിറ്റ് സെക്രട്ടറി അനില്‍കുമാര്‍, ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗം മിലന്‍, കെഎസ്ആര്‍ടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍ സുരേഷ് കുമാര്‍ എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി സിഎംഡിക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

അതേസമയം കാട്ടാക്കട ആക്രമണത്തില്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ അടിസ്ഥാനപ്രശ്‌നം ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണെന്നും അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ലെന്നും എം.ഡി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.