ജയിലിലുള്ള ക്രിമിനലുകളും യുദ്ധ മുഖത്തേക്ക്: മൂന്നു ലക്ഷം റിസര്‍വ് സൈനികരെ സജ്ജമാക്കാന്‍ പുടിന്റെ നിര്‍ദേശം; യുദ്ധം കടുപ്പിക്കാന്‍ റഷ്യ

ജയിലിലുള്ള ക്രിമിനലുകളും യുദ്ധ മുഖത്തേക്ക്: മൂന്നു ലക്ഷം റിസര്‍വ് സൈനികരെ സജ്ജമാക്കാന്‍ പുടിന്റെ നിര്‍ദേശം; യുദ്ധം കടുപ്പിക്കാന്‍ റഷ്യ

മോസ്‌കോ: ഉക്രെയ്നിലേക്കുള്ള സൈനിക നീക്കം ശക്തിപ്പെടുത്തുമെന്ന്് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. സ്വന്തം പ്രദേശം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. ഇത് വീരവാദമല്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

പോരാട്ടം ശക്തമാക്കാന്‍ കൂടുതല്‍ റിസര്‍വ് സൈന്യത്തെ സജ്ജമാക്കുമെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പുടിന്‍ അറിയിച്ചു. മൂന്നു ലക്ഷം പേരെയാണ് സജ്ജമാക്കുക.

സൈനിക പരിചയമുള്ളവരെയും നിലവില്‍ സൈന്യത്തിന്റെ ഭാഗമല്ലാത്ത വിരമിച്ചവരെയും അടക്കം സൈനിക സേവനത്തിനായി നിയോഗിച്ചിരിക്കുകയാണ്. ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെപ്പോലും സൈനിക സേവനത്തിനായി റഷ്യ നിയോഗിക്കുന്നു എന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്.

നാറ്റോയുടെ നേതൃത്വത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണ് പുടിന്‍ പറഞ്ഞു. ആണവായുധങ്ങളും വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങളും പ്രയോഗിക്കുമെന്നാണ് അവരുടെ ഭീഷണി. നാറ്റോയുടെ പക്കല്‍ ഉള്ളതിനേക്കാള്‍ ആധുനികമായ ആയുധങ്ങള്‍ റഷ്യയുടെ പക്കല്‍ ഉണ്ട് എന്നു മാത്രമാണ് അവരോടു പറയാനുള്ളതെന്നും പുടിന്‍ പറഞ്ഞു.

നിലവില്‍ റഷ്യയെ സംരക്ഷിക്കാന്‍ വേണ്ടി 20 ലക്ഷം വരുന്ന ശക്തമായ സൈന്യമുണ്ട്. ഉക്രെയ്‌നില്‍ സമാധാനമല്ല പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആവശ്യം. അവര്‍ക്ക് റഷ്യയെ തകര്‍ക്കണം എന്ന ലക്ഷ്യമേയുള്ളൂവെന്നും പുടിന്‍ കുറ്റപ്പെടുത്തി.

ഉക്രെയ്നില്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗമാവണോയെന്ന കാര്യത്തില്‍ ഹിത പരിശോധന നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക നീക്കം ശക്തമാക്കുമെന്ന പുടിന്റെ പ്രഖ്യാപനം.

അതേസമയം ഉക്രെയ്‌നുമായുള്ള യുദ്ധത്തില്‍ ഇതുവരെ 5937 സൈനികര്‍ മരണപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.