ഭാരത് ജോഡോ യാത്രയില്‍ സവര്‍ക്കറുടെ ചിത്രം; തൊഴിലാളി യൂണിയന്‍ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു; മാപ്പ് പറഞ്ഞ് സുരേഷ്

ഭാരത് ജോഡോ യാത്രയില്‍ സവര്‍ക്കറുടെ ചിത്രം; തൊഴിലാളി യൂണിയന്‍ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു; മാപ്പ് പറഞ്ഞ് സുരേഷ്

ആലുവ: ഭാരത് ജോഡോ യാത്രയ്ക്കായി തയാറാക്കിയ പ്രചാരണ ബാനറില്‍ ആര്‍എസ്എസ് നേതാവ് സവര്‍ക്കറുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ തൊഴിലാളി യൂണിയന്‍ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെയാണ് ഡിസിസി സസ്‌പെന്‍ഡ് ചെയ്തത്. ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് സംഭവിച്ചതാണെന്നും യാത്രയെ വിവാദമാക്കിയതില്‍ മാപ്പ് പറയുന്നതായും സുരേഷ് പിന്നീട് പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതാവും ആലുവ എംഎല്‍എയുമായ അന്‍വര്‍ സാദത്തിന്റെ സ്വന്തം പഞ്ചായത്തായ ചെങ്ങമനാട്ടിലെ അത്താണിയിലാണ് വിവാദ ബാനര്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം വിവിവാദമായതോടെ ഗാന്ധിയുടെ ചിത്രം വച്ച് സവര്‍ക്കറിനെ മറച്ചു. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിച്ച ദിവസം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റടക്കമുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി.

ഒരു നിമിഷത്തെ അശ്രദ്ധയാണ് യാത്രയെ വിവാദമാക്കിയതെന്നും തന്റെ ഭാഗത്തുണ്ടായ ജാഗ്രതക്കുറവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും മാപ്പ് പറയുന്നതായും സുരേഷ് പിന്നീട് പറഞ്ഞു. പാര്‍ട്ടി നല്‍കുന്ന എന്തു ശിക്ഷയും സ്വീകരിക്കാന്‍ സന്നദ്ധനാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായി നിലകൊള്ളുമെന്നും സുരേഷ് പറഞ്ഞു.

''കഴിഞ്ഞ ദിവസം രാത്രി 10 ഓടെയാണ് ഫ്‌ളെക്‌സ് അടിക്കാനുള്ള നിര്‍ദേശം വരുന്നത്. 88 അടിയുള്ള ഫ്‌ളെക്‌സ് ആയിരുന്നു. പ്രൂഫ് അയച്ചെങ്കിലും നോക്കാന്‍ സമയമില്ലാത്തതിനാല്‍ പ്രിന്റ് വിടാന്‍ പറഞ്ഞു. രാത്രി ഒരു മണിയോടെ ഫ്‌ളെക്‌സ് കിട്ടി. പക്ഷേ തുറന്നു നോക്കിയില്ല. അന്‍വര്‍ സാദത്ത് എംഎല്‍എ വിളിച്ചപ്പോഴാണു സവര്‍ക്കറുടെ ചിത്രം ഫ്‌ളെക്‌സില്‍ ഉണ്ടെന്ന് അറിയുന്നത്. പിന്നീട് ഫ്‌ളെക്‌സ് കെട്ടുമ്പോള്‍ സവര്‍ക്കറുടെ സ്ഥാനത്ത് ഗാന്ധിജിയുടെ പടംവച്ച് മറയ്ക്കുകയായിരുന്നു. എന്റെ പാര്‍ട്ടിക്ക് ഞാനായി തന്നെ ചീത്തപ്പേരുണ്ടാക്കി. അല്‍പം ശ്രദ്ധിച്ചെങ്കില്‍ ഇങ്ങനെ നടക്കില്ലായിരുന്നു.'' സുരേഷ് പറഞ്ഞു.

സവര്‍ക്കറുടെ പടം എടുത്ത് മാറ്റിയത് ഭീകരവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണ് ഇതെന്ന് വ്യക്തമാണ്. സ്വാതന്ത്ര്യസമര സേനാനികളുടെ പടങ്ങളില്‍ നിന്നും സവര്‍ക്കറെ മാത്രം എടുത്ത് കളഞ്ഞതിലൂടെ കോണ്‍ഗ്രസ് രാജ്യത്തിനെതിരാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് സുരേന്ദ്രന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.