മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു

തൃശൂര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ തീ കൊളുത്തിയ അമ്മ മരിച്ചു. ഗുരുതര പൊള്ളലേറ്റതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തൃശൂര്‍ ചമ്മന്നൂര്‍ ലക്ഷംവീട് കോളനി റോഡ് തലക്കാട്ടില്‍ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ശ്രീമതി (75)യാണ് മരിച്ചത്. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. അക്രമം നടത്തിയ മകന്‍ മനോജിനെ (53) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വ രാത്രി പത്തോടെയാണ് സംഭവം. മദ്യപിച്ചു ലക്കുകെട്ട മനോജ് വീണ്ടും മദ്യം വാങ്ങാന്‍ അമ്മയോട് പണം ചോദിച്ചതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ശ്രീമതിയുടെ ദേഹത്തൊഴിച്ച ശേഷം മനോജ് തീകൊളുത്തുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസി വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ അകലെ താമസിക്കുന്ന മകള്‍ എത്തിയാണ് പൊലീസിന്റെ സഹായത്തോടെ ശ്രീമതിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. മനോജും മറ്റൊരു മകന്‍ സജിനുമൊപ്പമാണ് ശ്രീമതി താമസിച്ചിരുന്നത്. വലിയ ഭൂസ്വത്തുള്ള കുടുംബമാണ് ഇവരുടേത്. വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ വാഹനാപകടത്തില്‍ സജിയുടെ ഇരു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.