ഡാളസ്: കൂറ്റന്‍ ട്രക്ക് നിയന്ത്രണം വിട്ട് മേല്‍പാലത്തില്‍നിന്ന് താഴേക്കു പതിച്ച് അഗ്നിഗോളമായി മാറി. അപകടത്തില്‍ വയോധികനായ ലോറി ഡ്രൈവര്‍ മരിച്ചു. അമേരിക്കയിലെ ഡാളസ് നഗരത്തില്‍ കോളിന്‍ കൗണ്ടിയിലാണ് അപകടമുണ്ടായത്. ട്രക്ക് വീഴുന്ന സമയത്ത് നേരെ താഴെ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പതിനെട്ടു ചക്രങ്ങളുള്ള ട്രക്കാണ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മേല്‍പാലത്തിനു താഴെയുള്ള സര്‍വീസ് റോഡരികിലേക്കു വീണത്. വീഴുന്ന നിമിഷത്തില്‍തന്നെ വാഹനം അഗ്നിഗോളമായി മാറുകയും ചെയ്തു. ചൊവ്വാഴ്ച്ച പുലര്‍ച്ചെയുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ട്രക്ക് ഡ്രൈവറായ 71 വയസുകാരന്‍ ഗുസ്താവോ റോഡ്രിഗസ് ഗോമസ് തല്‍ക്ഷണം മരിക്കുകയായിരുന്നു. തപാലുകള്‍ വിതരണം ചെയ്യുന്ന കരാറുകാരനാണ് ഗോമസ്. അപകടത്തെതുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന കത്തുകളും പാക്കേജുകളും റോഡില്‍ വീണു ചിതറി.
ഡാളസില്‍ മേല്‍പ്പാലത്തില്‍ നിന്ന് 18 ചക്രങ്ങളുള്ള ട്രക്ക് താഴേക്കു പതിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ
ഹൈവേ മേല്‍പാലത്തിന്റെ കോണ്‍ക്രീറ്റ് കൈവരിക്കു മുകളിലൂടെ പറന്നാണ് കൂറ്റന്‍ ട്രക്ക് താഴേക്കു പതിക്കുന്നത്. താഴെയുള്ള സര്‍വീസ് റോഡില്‍ സിഗ്നലിനായി കാത്തുകിടന്ന വാഹനങ്ങള്‍ക്കു മുന്നിലേക്കാണ് ട്രക്ക് വന്നുവീണത്. തീപിടിച്ചാണ് വാഹനം റോഡില്‍ പതിച്ചത്. തലനാരിഴയ്ക്കാണ് മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടത്. ഇവര്‍ ട്രക്കിനടുത്തേക്ക് ഓടി എത്തിയെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം സാധ്യമായില്ല. തുടര്‍ന്ന് പോലീസും അഗ്നിശമന സേനാംഗങ്ങളും എത്തി തീയണയ്ക്കുകയായിരുന്നു.
സര്‍വീസ് റോഡിലൂടെ സഞ്ചരിച്ച കാറിന്റെ ഡാഷ്-ക്യാമറ വീഡിയോയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.