തേടിയെത്തിയ 65 ലക്ഷ രൂപയുടെ ഭാഗ്യസമ്മാനം പണം മുടക്കിയ സ്വദേശിനിക്ക് കൈമാറി മലയാളി യുവാവ്

തേടിയെത്തിയ 65 ലക്ഷ രൂപയുടെ ഭാഗ്യസമ്മാനം പണം മുടക്കിയ സ്വദേശിനിക്ക് കൈമാറി മലയാളി യുവാവ്

അജ്മാന്‍: എമിറ്റേറിലെ ഒരു പ്രമുഖ ഷൂ ബ്രാന്‍ഡ് ഷോപ്പിലെ സെയില്‍സ് മാനാണ് ഫയാസ് പടിഞ്ഞാറയില്‍.അബുദബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്‍റെ വാരാന്ത്യ നറുക്കെടുപ്പില്‍ 3 ലക്ഷം ദിർഹം സമ്മാനമാണ് (ഫയാസെടുത്ത ടിക്കറ്റിന് ലഭിച്ചത്. അതായത് 65 ലക്ഷത്തോളം ഇന്ത്യന്‍ രൂപ. എന്നാല്‍ തനിക്ക് ലഭിച്ച തുക ടിക്കറ്റെടുക്കാന്‍ പണം തന്ന സ്വദേശി വനിതയ്ക്ക് കൈമാറി മാതൃകയായിരിക്കുകയാണ് കോഴിക്കോട് വടകര കോട്ടപ്പളളി സ്വദേശിയായ ഫയാസ്.

സമ്മാനം ലഭിച്ചുവെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. ആ പണം തന്‍റേതല്ലെന്നാണ് വിശ്വാസം. ടിക്കറ്റെടുക്കാന്‍ പണം മുടക്കിയ ആളിന് അവകാശപ്പെട്ടതാണ് ആ ഭാഗ്യസമ്മാനം. തന്നിലൂടെ ആ ഭാഗ്യം അവർക്ക് ലഭിച്ചു. സുഹൃത്തുകൂടിയായ സ്വദേശി വനിത തന്നിലർപ്പിച്ച വിശ്വാസത്തിന് ആ പണത്തേക്കാള്‍ മൂല്യമുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നതുകൊണ്ടാണ് പണം അവർക്ക് നല്‍കിയതെന്ന് ഫയാസ് പറയുന്നു. 

ഫയാസിന്‍റെ ബന്ധുവായ സമീറിന്‍റെ സഹപ്രവർത്തകയാണ് ഈ സ്വദേശിവനിത. ഇത്തരത്തില്‍ പലപ്പോഴും ടിക്കറ്റെടുക്കാറുമുണ്ട്. മലയാളികള്‍ പൊതുവെ ഭാഗ്യവാന്മാരാണെന്നാണ് അവരുടെ വിശ്വാസം. അതുകൊണ്ടാണ് ഇവരുടെ പേരില്‍ ടിക്കറ്റെടുക്കുന്നതെന്നും ഫയാസ് പറയുന്നു. 

നിയമപരമായി ഫയാസിന് അവകാശപ്പെട്ട മൂന്ന് ലക്ഷം ദിർഹം അദ്ദേഹത്തിന്‍റെ അക്കൗണ്ടിലേക്കാണ് ബിഗ് ടിക്കറ്റ് അധികൃതർ കൈമാറിയത്. ഈ തുക സുഹൃത്തായ സ്വദേശി വനിതയ്ക്ക് ഫയാസ് നല്‍കി. ഫയാസിന് സ്നേഹസമ്മാനം നല്‍കാന്‍ സ്വദേശി വനിതയും മറന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.