ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് നിരോധന കേസില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ സുപ്രീം കോടതി വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും സുധാംശു ധുലിയയും പത്തു ദിവസമാണ് കേസില്‍ വാദം കേട്ടത്.
ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അത് വിദ്യാര്‍ഥികളുടെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നു കാണാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ് സര്‍ക്കാര്‍ ഉത്തരവെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. മതാചാരം ക്രമസമാധാന പ്രശ്നമാകുന്ന ഘട്ടത്തില്‍ മാത്രമേ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമുള്ളു. മൗലിക അവകാശങ്ങള്‍ പ്രയോഗിക്കാനുള്ള സാഹചര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനമാണ് സര്‍ക്കാര്‍ ഉത്തരവെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.
ഉത്തരവ് ഏതെങ്കിലും മതത്തെ ലക്ഷ്യമാക്കിയല്ലെന്നും മതേതര സ്വഭാവം ഉള്ളതാണെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയത്. 2021വരെ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് കോളജില്‍ വന്നിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ പ്രചാരണത്തെത്തുടര്‍ന്നാണ് കുട്ടികള്‍ കൂട്ടത്തോടെ ഹിജാബ് ധരിക്കാന്‍ തുടങ്ങിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.