'ഒരാള്‍ക്ക് ഒരു പദവി മതി'; അശോക് ഗെലോട്ട് ജയിച്ചാല്‍ സച്ചിന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കും

'ഒരാള്‍ക്ക് ഒരു പദവി മതി'; അശോക് ഗെലോട്ട് ജയിച്ചാല്‍ സച്ചിന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന അശോക് ഗെലോട്ടിന്റെ അമിത അധികാര മോഹത്തിന് തടയിട്ട് ഗാന്ധി കുടുംബം. പാര്‍ട്ടി പ്രസിഡന്റായാലും രാജസ്ഥാന്‍ മുഖ്യമന്ത്രി പദം ഒഴിയേണ്ടതില്ലെന്ന ഗെലോട്ടിന്റെ നിലപാടിനെ സോണിയാ ഗാന്ധിക്കു പിന്നാലെ രാഹുലും പ്രിയങ്കയും കൂടി എതിര്‍ത്തതോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം സച്ചിന്‍ പൈലറ്റിന് ലഭിച്ചേക്കും.

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന പക്ഷം മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ ഗെലോട്ട് സമ്മതിച്ചുവെന്നാണ് സൂചന. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഗെലോട്ട്്-പൈലറ്റ് പോരിനെ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് ശാന്തമാക്കി നിര്‍ത്തിയിരിക്കുന്നത്.

ഒരാള്‍ക്ക് ഒരു പദവി എന്ന നയം ഗെലോട്ടിനും ബാധകമാകുമോയെന്ന് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയോട് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞിരുന്നു. 'ഉദയ്പുരില്‍ ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തിയിരുന്നു. ആ തീരുമാനം പാലിക്കപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്', എന്നായിരുന്നു രാഹുലിന്റെ മറുപടി.

തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന പക്ഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും ഗെലോട്ടിന് ഒരുമിച്ച് വഹിക്കാനാകില്ലെന്ന മുന്നറിയിപ്പായാണ് രാഹുലിന്റെ പ്രതികരണം വിലയിരുത്തപ്പെടുന്നത്. 2018 ല്‍ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചതു മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സച്ചിന്‍ പൈലറ്റ്.

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെ, സച്ചിന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് തടയാന്‍ ഗെലോട്ട് പല നീക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നയം രാഹുല്‍ ഉയര്‍ത്തിയാല്‍ അതിനെ അംഗീകരിക്കുകയല്ലാതെ രാജസ്ഥാന്‍ നേതാവിന് മറ്റു മാര്‍ഗങ്ങളില്ല.

ബുധനാഴ്ച കൊച്ചിയില്‍ രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത ശേഷം വ്യാഴാഴ്ച രാവിലെയാണ് സച്ചിന്‍ മടങ്ങിയത്. രാഹുലുമായി കൂടിക്കാഴ്ച നടത്താന്‍ ഗെലോട്ട്് കേരളത്തിലേക്ക് എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പണ് സച്ചിന്‍ ഇവിടെ നിന്ന് തിരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.