നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചാല്‍ ഉടനടി അറസ്റ്റ്: സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി; പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല

നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചാല്‍ ഉടനടി അറസ്റ്റ്:  സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി; പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ഹര്‍ത്താലിനെ നേരിടാന്‍ കര്‍ശന സുരക്ഷാ സന്നാഹമൊരുക്കി പൊലീസ്. നിര്‍ബന്ധിച്ച് കടകളടപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉടനടി അറസ്റ്റുണ്ടാകും. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമ ലംഘകര്‍ എന്നിവരെയും അറസ്റ്റ് ചെയ്യും.

ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശമുണ്ട്.

സമരക്കാര്‍ പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടാതിരിക്കാന്‍ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാന പാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ഹര്‍ത്താലിന് സംഘടന ആഹ്വാനം ചെയ്തിട്ടുള്ളത്. പാല്‍, പത്രം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ മഹാത്മാ ഗാന്ധി, കേരള, കണ്ണൂര്‍ സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള നഴ്‌സിംഗ് കൗണ്‍സില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റി.

എന്നാല്‍ വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. ബസ് സര്‍വീസ് മുടക്കമില്ലാതെ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.