കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും വലിയ തട്ടിപ്പ് അമേരിക്കയിൽ; നിർധന കുട്ടികൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയിലൂടെ 250 മില്യൺ ഡോളറിന്റെ ക്രമക്കേട്

കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും വലിയ തട്ടിപ്പ് അമേരിക്കയിൽ; നിർധന കുട്ടികൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയിലൂടെ 250 മില്യൺ ഡോളറിന്റെ ക്രമക്കേട്

മിനിയാപൊലിസ്: കോവിഡ് പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ നിർധനരായ കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിനായി രൂപീകരിച്ച ഫെഡറൽ ചൈൽഡ് ന്യൂട്രീഷൻ പ്രോഗ്രാമിൽ നിന്ന് 250 മില്യൺ ഡോളർ മോഷ്ടിച്ചതായി കണ്ടെത്തൽ. 47 പേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം യു.എസ് അറ്റോർണി ഓഫീസ് കുറ്റം ചുമത്തിട്ടുണ്ട്.

കോവിഡ് -19 മായി ബന്ധപ്പെട്ട ഏറ്റവും വലിയ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഗൂഢാലോചന, ടെലികമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത കോഴ നൽകൽ, കൈപ്പറ്റൽ തുടങ്ങി വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

മിനസോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫീഡിംഗ് ഔർ ഫ്യൂച്ചർ പദ്ധതിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് യുഎസ് അറ്റോർണി ആൻഡ്രൂ എം ലൂഗർ പറഞ്ഞു. തട്ടിപ്പിനായി ഫീഡിംഗ് ഔർ ഫ്യൂച്ചറുമായി ബന്ധപ്പെട്ട് പ്രതികൾ ഷെൽ കമ്പനികളുടെ ഒരു ശൃംഖല സ്ഥാപിക്കുകയായിരുന്നു. കൂടാതെ പകർച്ചവ്യാധിയുടെ തുടക്കത്തിൽ കൂടുതൽ സംഘടനകളെ പങ്കെടുപ്പിക്കുന്നതിനായി ഇവർ പരിപാടികൾ വിപുലീകരിക്കുകയും ചെയ്തു.


മിനസോട്ടയിലുടനീളം ഫെഡറൽ ചൈൽഡ് ന്യൂട്രീഷൻ പ്രോഗ്രാം എന്ന വ്യാജേന പ്രതികൾ സൈറ്റുകൾ തുറക്കുകയും പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് സൈറ്റുകളിലൂടെ ദിവസങ്ങൾക്കുള്ളിൽ ദിവസേന ആയിരക്കണക്കിന് കുട്ടികൾക്ക് ഭക്ഷണം നല്കുന്നതായി അവകാശപ്പെട്ടു.

കൂടാതെ വഞ്ചനാപരമായ അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതികൾ മിനസോട്ട വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. മിനസോട്ടയിൽ ഫണ്ടുകൾ നിയന്ത്രിക്കുന്നത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ്. പ്രതികൾ സമർപ്പിച്ച റിപ്പോർട്ടിലൂടെ സംസ്ഥാനത്തിനായുള്ള ഫെഡറൽ പ്രോഗ്രാം നിയന്ത്രിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ഇവർക്ക് കഴിഞ്ഞു.

ഓൺലൈൻ റാൻഡം നെയിം ജനറേറ്റർ ഉപയോഗിച്ച് പ്രതികൾ വ്യാജ പേരുകളുടെ ലിസ്റ്റുകളും സമർപ്പിച്ചു. തിങ്കൾ മുതൽ വെള്ളി വരെ ഓരോ ദിവസവും 2,500 പേർക്ക് ഭക്ഷണം നൽകുന്നുണ്ടെന്ന് അവകാശപ്പെടുന്ന രേഖകളും വ്യാജമായി നിർമ്മിച്ചു. ഇതിലൂടെ നൽകാത്ത ഭക്ഷണത്തിന് സർക്കാരിൽ നിന്ന് 125 മില്ല്യണിലധികം ഡോളർ ആണ് ബില്ല് ഈടാക്കിയതായും ആൻഡ്രൂ എം ലൂഗർ പറഞ്ഞു.


2019 ൽ കമ്പനി കീഴിൽ സൈറ്റുകളിലേക്ക് ഏകദേശം 3.4 മില്യൺ ഡോളർ ഫെഡറൽ ഫണ്ട് സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. എന്നാൽ 2021 ൽ ഏകദേശം 200 മില്യൺ ഡോളറായി ഇത് ഉയർന്നു. പാവപ്പെട്ട കുട്ടികളെ ഉദ്ദേശിച്ചുള്ള പദ്ധതി ഉപയോഗിച്ച് പ്രതികൾ ദശലക്ഷക്കണക്കിന് ആളുകളെ കബളിപ്പിക്കുകയും അത് വഴി സ്വയം സമ്പന്നരാകുകയും ചെയ്തതായും അന്വേഷണസംഘം വ്യക്തമാക്കിയാതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ഫെഡറൽ ഫണ്ടുകളിൽ നിന്ന് തട്ടിപ്പിലൂടെ സ്വന്തമാക്കിയ കാൽ ബില്യൺ ഡോളറിലധികം ഉപയോഗിച്ച് മിനസോട്ട, കെനിയ, തുർക്കി എന്നിവിടങ്ങളിൽ ആഡംബര കാറുകൾ, വീടുകൾ, ആഭരണങ്ങൾ, തീരദേശ റിസോർട്ട് പ്രോപ്പർട്ടി എന്നിവ വാങ്ങിയതായും പ്രതികൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ലഭ്യമായിരുന്ന തുകയിൽ നിന്നും വളരെ കുറച്ച് മാത്രമാണ് ഇവർ കുട്ടികൾക്കായി വിനിയോഗിച്ചിരുന്നത്.

യുഎസ് നീതിന്യായ വകുപ്പ് ഈ വർഷം ആദ്യം മഹാമാരിയുമായി ബന്ധപ്പെട്ട വഞ്ചന കേസുകൾ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുൻഗണന നൽകിയിരുന്നു. ഇതിലൂടെ 1.1 ബില്യൺ ഡോളറിൽ കൂടുതൽ നഷ്ടം വരുത്തിയ 1,000-ലധികം ക്രിമിനൽ കേസുകളിൽ കുറ്റം ചുമത്തി. കൂടാതെ സംശയാസ്പദമായ പകർച്ചവ്യാധി വഞ്ചനയുമായി ബന്ധപ്പെട്ട് 8 ബില്യൺ ഡോളറിലധികം എൻഫോഴ്‌സ്‌മെന്റ് നടപടികൾ വകുപ്പ് ഇതിനകം സ്വീകരിച്ചിട്ടുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.