കനത്ത മഴയില്‍ ഡല്‍ഹിയില്‍ വെള്ളക്കെട്ട്: നോയിഡയിലും ഗുരുഗ്രാമിലും സ്‌കൂളുകള്‍ക്ക് അവധി

കനത്ത മഴയില്‍ ഡല്‍ഹിയില്‍ വെള്ളക്കെട്ട്: നോയിഡയിലും ഗുരുഗ്രാമിലും സ്‌കൂളുകള്‍ക്ക് അവധി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിനവും ശക്തമായ മഴ തുടരുന്നതിനാല്‍ വെള്ളപ്പൊക്കത്തില്‍ വലഞ്ഞ് ഡല്‍ഹി. നിരവധി പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുകയും നഗരത്തിലുടനീളമുള്ള പ്രധാന റോഡുകളിലെ ഗതാഗതം താറുമാറാവുകയും ചെയ്തു. രാജ്യതലസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. ഇഫ്കോ ചൗക്ക്, ശങ്കര്‍ ചൗക്ക്, രാജീവ് ചൗക്ക്, ഗുഡ്ഗാവ്- ഡല്‍ഹി അതിര്‍ത്തിക്ക് സമീപമുള്ള സര്‍ഹൗള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ദേശീയ പാത 48ന്റെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 28 ഡിഗ്രി സെല്‍ഷ്യസും 23 ഡിഗ്രി സെല്‍ഷ്യസുമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നോയിഡയിലും ഗുരുഗ്രാമിലും വെള്ളിയാഴ്ച സ്വകാര്യ സ്‌കൂളുകള്‍ക്ക് (എട്ടാം ക്ലാസ് വരെ) അവധി പ്രഖ്യാപിച്ചു. കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്ത് വെള്ളിയാഴ്ച സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗുരുഗ്രാം നഗരസഭാ അധികൃതര്‍.

കനത്ത മഴയിലെ വെള്ളക്കെട്ടില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മേഖലയിലെ കോര്‍പറേറ്റ്-സ്വകാര്യ സ്ഥാപനങ്ങളോട് വര്‍ക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കാന്‍ ഗുരുഗ്രാം ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. അതുവഴി ഗതാഗതക്കുരുക്ക് ഒഴിവാക്കാനാവും-ഗുരുഗ്രാം മാനേജ്മെന്റ് അതോറിറ്റി പറഞ്ഞു. നഗരത്തില്‍ കുറഞ്ഞ താപനില 23.8 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.