കണ്ണൂര്‍: പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാന്‍ ഭീഷണി മുഴക്കി അക്രമത്തിനൊരുങ്ങിയ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാട്ടുകാര്‍ പിടികൂടി പൊതിരെ തല്ലി. തൃക്കരിപ്പൂര്‍ സ്വദേശി മുബഷീര്‍, ഒളവറ സ്വദേശി മുനീര്‍, രാമന്തളി സ്വദേശി കളായ ഷുഹൈബ്, നര്‍ഷാദ് എന്നിവരെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷം പൊലീസിനെ ഏല്‍പ്പിച്ചത്.
നേരത്തെ കല്യാശേരിയില്‍ പെട്രോള്‍ ബോംബുമായി രണ്ട് ഇരുചക്ര വാഹനങ്ങളില്‍ ആക്രമണം ലക്ഷ്യമിട്ടെത്തിയ അഞ്ചുപേരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇവരില്‍ ഒരാള്‍ പൊലീസ് പിടിയിലായി. മറ്റ് നാലുപേര്‍ ഓടിരക്ഷപ്പെട്ടു. കല്യാശേരി-മാങ്ങാട് റോഡിലാണ് സംഭവം. ഇതിനിടെ മട്ടന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബേറുണ്ടായി. സംഭവ ശേഷം ഇവിടെ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
രാവിലെ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ 83 പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനിടെ വ്യാപക അക്രമമാണ് ഉണ്ടായത്. കെഎസ്ആര്‍ടിസി ബസുകളും ലോറികളും സ്വകാര്യ വാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. കോഴിക്കോടും തിരുവനന്തപുരത്തും നെടുമ്പാശേരിയിലും ഹോട്ടലുകളും കടകളും അടിച്ചു തകര്‍ത്തു.
നെടുമ്പാശേരിയില്‍ ഭക്ഷണം കഴിക്കാനെത്തിയ അതിഥിത്തൊഴിലാളിക്ക് പരിക്കേറ്റു. കോട്ടയം സംക്രാന്തിയില്‍ ലോട്ടറിക്കടയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. വിവിധ അക്രമ സംഭവങ്ങളില്‍ ഇതുവരെ 197 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ 51 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നാശനഷ്ടമുണ്ടായിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. മുപ്പതോളം ബസുകളുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. 30 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക വിലയിരുത്തല്‍. കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. എട്ടു ഡ്രൈവര്‍മാര്‍, രണ്ടു കണ്ടക്ടര്‍മാര്‍, ഒരു യാത്രക്കാരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരത്തും, കോഴിക്കോടും കണ്ണൂരും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.