'മാധ്യമങ്ങളും സാമൂഹിക ആശയ വിനിമയവും' എന്ന വിഷയത്തില്‍ ഫാ. മാത്യു മുരിയന്‍കരി ചിറയ്ക്ക് ഡോക്ടറേറ്റ്

'മാധ്യമങ്ങളും സാമൂഹിക ആശയ വിനിമയവും' എന്ന വിഷയത്തില്‍ ഫാ. മാത്യു മുരിയന്‍കരി ചിറയ്ക്ക് ഡോക്ടറേറ്റ്

റോം: ചങ്ങനാശേരി അതിരൂപതയിലെ വൈദികനായ ഫാദര്‍ മാത്യു (ജിന്റോ) മുരിയന്‍കരി ചിറയിലിന് പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്. 'മാധ്യമങ്ങളും സാമൂഹിക ആശയ വിനിമയവും' എന്ന വിഷയത്തിലാണ് റോമിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയത്.

കേരളത്തിലെ യുവജങ്ങളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ചും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. കേരളത്തിലെ 27 കോളജുകളില്‍ നേരിട്ട് എത്തി അഭിമുഖങ്ങളും ചോദ്യോത്തര പക്തികളും നടത്തി തയാറാക്കിയാണ് അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്.

മാന്നാനം കെ.ഇ സ്‌കൂളിലും ചങ്ങനാശേരി എസ്.ബി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് തത്വശാസ്ത്രത്തിലും റോമിലെ ഉര്‍ബെന്‍ സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തിലും ബിരുദവും നേടി.

ഇക്കഴിഞ്ഞ ഫെബ്രുവരിവരെ റോമിലെ സെന്റ് ലിബോറിയോ ദേവാലയത്തില്‍ സഹവികാരിയായി സേവനം ചെയ്തിരുന്നു.

അതിരൂപതയുടെ ഔദ്യോഗിക ചാനലായ മാക്ക് ടിവിയുടെ വത്തിക്കാന്‍ പ്രതിനിധി എന്ന നിലയില്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അദ്ദേഹം.

ചങ്ങനാശേരി അതിരൂപതയിലെ കോട്ടയം ആര്‍പ്പൂക്കര വില്ലൂന്നി സെന്റ് സേവ്യര്‍ ഇടവകയിലെ മുരിയന്‍കരി ചിറയില്‍ കുര്യന്‍, മേരി ദമ്പതികളുടെ മകനാണ് ഫാദര്‍ ജിന്റോ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26