ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് അഴിഞ്ഞാടി പോപ്പുലര്‍ ഫ്രണ്ട്: അറസ്റ്റിലായത് 170 പേര്‍; 368 പേര്‍ കരുതല്‍ തടങ്കലില്‍

ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് അഴിഞ്ഞാടി പോപ്പുലര്‍ ഫ്രണ്ട്: അറസ്റ്റിലായത് 170 പേര്‍; 368 പേര്‍ കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ തെരുവുകളില്‍ അഴിഞ്ഞാടി പോപ്പുലര്‍ ഫ്രണ്ട് അക്രമികള്‍. ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതലാണ് ഹര്‍ത്താലിന്റെ പേരില്‍ നശിപ്പിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. വിവിധ അക്രമങ്ങളില്‍ പ്രതികളായി 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കിയാതായും പൊലീസ് വ്യക്തമാക്കി.

മലപ്പുറം ജില്ലയില്‍ മാത്രം 128 പേര്‍ കരുതല്‍ തടങ്കലിലായി. 15 കേസുകളിലായി 56 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് 70 കെഎസ്ആര്‍ടിസി ബസുകളാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. സൗത്ത് സോണില്‍ 30, സെന്‍ട്രല്‍ സോണില്‍ 25, നോര്‍ത്ത് സോണില്‍ 15ഉം ബസുകളുമാണ് തകര്‍ത്തത്. അക്രമസംഭവങ്ങളില്‍ 11 പേര്‍ക്ക് പരിക്കേറ്റു. സൗത്ത് സോണിലെ മൂന്ന് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും സെന്‍ട്രല്‍ സോണില്‍ മൂന്നു ഡ്രൈവര്‍മാര്‍ക്കും ഒരു യാത്രക്കാരിക്കും നോര്‍ത്ത് സോണില്‍ രണ്ട് ഡ്രൈവര്‍മാക്കുമാണ് പരിക്കേറ്റത്.

നഷ്ടം അമ്പത് ലക്ഷത്തില്‍ കൂടുതലാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. പൊതുമുതല്‍ നശിപ്പിച്ചതിന് അക്രമികള്‍ക്കെതിരെ പിഡിപിടി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഈടാക്കാന്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂരീല്‍ മില്‍മാ ടീ സ്റ്റാള്‍ ഹര്‍ത്താല്‍ അനുകൂലി അടിച്ചു തകര്‍ത്തു. വൈകിട്ട് നാലോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘത്തില്‍ നിന്നും ഒരാള്‍ കടയുടെ അടുത്തേയ്ക്ക് എത്തി കമ്പി കൊണ്ട് ആഹാര സാധനങ്ങള്‍വെച്ച അലമാര അടിച്ചു തകര്‍ക്കുകയായിരുന്നു. ഇതിന് സമീപം ജോലി ചെയ്യുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളിയ്ക്കാണ് പരിക്കേറ്റത്.

കണ്ണൂര്‍ നഗരത്തിന് പുറമേ മട്ടന്നൂരില്‍ പാലോട്ട് പളളിയിലും അക്രമമുണ്ടായി. ലോറിയുടെ നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. ഇരിട്ടിയില്‍ നിന്നും തലശേരിയ്ക്ക് വരികയായിരുന്ന ലോറിയുടെ ചില്ല് തകര്‍ന്നു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അതേസമയം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിര്‍ദേശിച്ച് ആഭ്യന്തര മന്ത്രാലയത്തിന് എന്‍ഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കും. പിഎഫ്‌ഐ ഓഫീസുകളില്‍ നടത്തിയ റെയിഡില്‍ വയര്‍ലസ് സെറ്റുകളും ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എന്‍ഐഎ വ്യക്തമാക്കി. താലിബാന്‍ മാതൃക മതമൗലികവാദം പോപ്പുലര്‍ ഫ്രണ്ട് പ്രചരിപ്പിക്കുന്നതിന്റെ രേഖകള്‍ കിട്ടിയതായും എന്‍ഐഎ അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഐഎ നടത്തിയ ഓപ്പറേഷനില്‍ 45 പേരാണ് ഇന്നലെ അറസ്റ്റിലായത്. വിദേശത്തെ യൂണിറ്റുകള്‍ വഴി പോപ്പുലര്‍ ഫ്രണ്ട് പണം ശേഖരിച്ചതിന്റെ തെളിവുകള്‍ ഉണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.