ജോഡോ യാത്രയുടെ പര്യടനം ഇന്ന് തൃശൂരില്‍; തേക്കിന്‍കാട് മൈതാനത്തില്‍ പൊതുയോഗം

ജോഡോ യാത്രയുടെ പര്യടനം ഇന്ന് തൃശൂരില്‍; തേക്കിന്‍കാട് മൈതാനത്തില്‍ പൊതുയോഗം

തൃശൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂര്‍ നഗരത്തില്‍ പ്രവേശിക്കും. ഇന്നലെ ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ഇന്ന് രാവിലെ ചാലക്കുടിയില്‍ നിന്ന് യാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് ആമ്പല്ലൂരില്‍ ആദ്യഘട്ടം സമാപിക്കും. അവിടെ വിശ്രമത്തിന് ശേഷം ഉച്ചകഴിഞ്ഞ് തൃശൂര്‍ നഗരത്തെ ലക്ഷ്യമായി യാത്ര തുടരും. വൈകിട്ട് തേക്കിന്‍കാട് മൈതാനിയിലെ പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും.

ആവേശകരമായി സ്വീകരണമാണ് ജില്ലയില്‍ പ്രവേശിച്ച ജോഡോ യാത്രയ്ക്ക് തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, എംപിമാരായ ബെന്നി ബഹനാന്‍, ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, മുന്‍ ഡിസിസി പ്രസിഡന്റ് പി.എ. മാധവന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, നഗരസഭാധ്യക്ഷന്‍ എബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് യാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് യാത്രയിലെ സ്ഥിരം സമിതി അംഗങ്ങള്‍ക്ക് പുറമേ ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം ചുവടുവയ്ച്ചു.

ചാലക്കുടിയിലെ സൗത്ത് ജംഗ്ഷനിലെ മേല്‍പാലത്തിനു സമീപം വാദ്യമേളത്തിന്റെ അകമ്പടിയോടെയാണ് യാത്രയെ സ്വീകരിച്ചത്. എഐസിസി നേതാവ് സച്ചിന്‍ പൈലറ്റ്, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരടക്കം ദേശീയ, സംസ്ഥാന നേതാക്കളുടെ വന്‍ നിര രാഹുലിനൊപ്പമുണ്ട്. നാളെ പാലക്കാട് അതിര്‍ത്തിയായ ചെറുതുരുത്തിയില്‍ ആണ് ജില്ലയിലെ പദയാത്ര അവസാനിക്കുമെന്ന് സ്വീകരണ സമിതി കോ-ഓഡിനേറ്റര്‍ സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നലെ വിശ്രമ ദിനമായിരുന്നു. ഇതിനെ ചൊല്ലി ചില വിവാദങ്ങളും ഉയര്‍ന്നിരുന്നു. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചെന്നുള്ള ആരോപണമാണ് ബിജെപി നേതാവ് കപില്‍ മിശ്ര ഉന്നയിച്ചത്. എന്നാല്‍ ഭാരത് ജോഡോ യാത്രയ്ക്ക് ഓരോ ആഴ്ചയിലും ഒരു ദിവസം വിശ്രമ ദിനമുണ്ടെന്നും കഴിഞ്ഞയാഴ്ച ഇത് സെപ്റ്റംബര്‍ 15ന് ആയിരുന്നെന്നും കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.