പതിനേഴുകാരിയുടെ കൊലപാതകം: മുന്‍ മന്ത്രിയെയും മകനെയും ബിജെപി പുറത്താക്കി; പ്രതിയുടെ റിസോര്‍ട്ടിന് നാട്ടുകാര്‍ തീയിട്ടു

പതിനേഴുകാരിയുടെ കൊലപാതകം: മുന്‍ മന്ത്രിയെയും  മകനെയും ബിജെപി പുറത്താക്കി; പ്രതിയുടെ റിസോര്‍ട്ടിന് നാട്ടുകാര്‍ തീയിട്ടു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ പതിനേഴുകാരി അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പുല്‍കിത് ആര്യയുടെ പിതാവും മുന്‍മന്ത്രിയുമായ വിനോദ് ആര്യയെയും സഹോദരന്‍ അങ്കിത് ആര്യയേയും ബിജെപിയില്‍ നിന്നും പുറത്താക്കി. അങ്കിത് ആര്യയെ ഉത്തരാഖണ്ഡ് പിന്നോക്ക വിഭാഗ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ബിജെപി സര്‍ക്കാര്‍ മാറ്റി.

കൊലപാതകക്കേസിലെ മുഖ്യപ്രതിയായ പുല്‍കിത് ആര്യയുടെ ഋഷികേശിലെ റിസോര്‍ട്ടിന് നാട്ടുകാര്‍ തീയിട്ടു നശിപ്പിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ഇന്നലെ പൊളിച്ചു നീക്കിയിരുന്നു. റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു കൊല്ലപ്പെട്ട പൗരി ഗര്‍വാള്‍ സ്വദേശിനി അങ്കിത ഭണ്ഡാരി. കേസില്‍ പുല്‍കിത് ആര്യയേയും റിസോര്‍ട്ട് ജീവനക്കാരായ മറ്റ് രണ്ട് പേരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പുല്‍കിതിന്റെ ലൈംഗീക താല്‍പര്യത്തിന് വഴങ്ങാത്തതാണ് റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്താന്‍ കാരണം. യുവതിയുടെ മൃതദേഹം ചില്ല കനാലില്‍ നിന്നും കണ്ടെത്തി. അങ്കിതയുടെ സഹോദരനും അച്ഛനും മൃതദേഹം തിരിച്ചറിഞ്ഞതായി അഡീഷണല്‍ എസ്.പി ശേഖര്‍ ശ്വാള്‍ പറഞ്ഞു.

സംസ്ഥാനത്തെ മുന്‍മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകനാണ് പുല്‍കിത്. വാക്ക് തര്‍ക്കത്തിനിടെ അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പുല്‍കിതിന്റെ ഉടമസ്ഥതയിലുള്ള വനതാര റിസോര്‍ട്ടിലായിരുന്നു അങ്കിത ജോലി ചെയ്തിരുന്നത്. സെപ്റ്റംബര്‍ 18 നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.