ഇറാനിലെ പ്രതിഷേധം; 50 പേർ കൊല്ലപ്പെട്ടു, 60 സ്ത്രീകൾ ഉൾപ്പെടെ 700-ലധികം പ്രതിഷേധക്കാർ അറസ്റ്റിൽ

ഇറാനിലെ പ്രതിഷേധം;  50 പേർ കൊല്ലപ്പെട്ടു,  60 സ്ത്രീകൾ ഉൾപ്പെടെ 700-ലധികം പ്രതിഷേധക്കാർ അറസ്റ്റിൽ

ടെഹ്‌റാൻ: ഹിജാബ് ശരിയായി ധരിച്ചില്ല എന്നാരോപിച്ച് ഇറാന്റെ മത പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം അണയാതെ അതിരൂക്ഷമായി തുടരുന്നു. രാജ്യത്തിന്റെ വിവിധിയിടങ്ങളിലായി നടക്കുന്ന പ്രതിഷേധത്തില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ഒരാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധത്തിനിടെ ഒരു പ്രവിശ്യയിൽ മാത്രം ഇറാനിയൻ പോലീസ് 700 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ട് ഉണ്ട്. 60 സ്ത്രീകളുൾപ്പെടെ 739 പേരെ അറസ്റ്റ് ചെയ്തതായി ഗുയിലാൻ പ്രവിശ്യയിലെ പോലീസ് മേധാവി ജനറൽ അസിസുള്ള മാലേകി അറിയിച്ചു.


അതേസമയം പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത സുരക്ഷാ സേന നിഷേധിച്ചു. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം ആരംഭിച്ചതെങ്കിലും നിലവില്‍ ഇറാന്റെ എൺപതോളം നഗരങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇതിന് മുന്‍പ് 2019ല്‍ ഇറാനില്‍ പെട്രോള്‍ വില വര്‍ധനവിനെതിരെയായിരുന്നു ഇത്ര വലിയ പ്രതിഷേധം നടന്നത്.

അതിനിടെ ഇറാനികൾക്കുള്ള ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ യുഎസ് ഇടപെടും. ജനകീയ പ്രതിഷേധത്തെ തുടർന്ന് തലസ്ഥാനമായ ടെഹ്‌റാനിലും കുർദ്ദിസ്ഥാൻ പ്രവിശ്യയിലും ഇറാൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതും വിലക്കുണ്ട്.

എന്നാൽ ഇറാൻ ജനതയെ ഒറ്റപ്പെടുത്തുന്നില്ലെന്നും ഇരുട്ടിലും നിർത്തുന്നില്ലെന്നും ഉറപ്പാക്കാൻ ഞങ്ങൾ സഹായിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. തങ്ങളുടെ ജനങ്ങളെ നിരീക്ഷിച്ച് സെൻസർ ചെയ്യാനുള്ള ഇറാനിയൻ സർക്കാരിന്റെ ശ്രമത്തെ ചെറുക്കാൻ ഈ നീക്കം സഹായിക്കുമെന്നും യുഎസ് പറഞ്ഞു.


ബ്ലിങ്കന്റെ പ്രഖ്യാപനത്തിനോട് പ്രതികരിച്ചുകൊണ്ട് എലോൺ മസ്‌ക് രംഗത്തെത്തിയിരുന്നു. ഇറാനിലേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് തന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സ്ഥാപനമായ സ്റ്റാർലിങ്ക് സജീവമാക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. ഇറാന്റെ ഇന്റർനെറ്റ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് അമേരിക്കൻ ടെക് കമ്പനികൾക്ക് ഇറാനിൽ അവരുടെ ബിസിനസ് വിപുലീകരിക്കാനുള്ള അവസരം കൂടിയായിരിക്കും എന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്.

അതേസമയം, പ്രതിഷേധം എട്ടാം ദിനത്തിലേക്ക് കടന്നതോടെ പ്രതിഷേധങ്ങൾ അടിച്ചമർത്താനുള്ള നടപടികൾ അധികൃതരും ശക്തമാക്കിയിട്ടുണ്ട്. യുവതിയുടെ കസ്റ്റഡി മരണത്തെത്തുടർന്ന് രാജ്യത്തുടനീളം ഉണ്ടായ പ്രതിഷേധങ്ങളെ ഇറാൻ ഫലപ്രദമായി നേരിടണമെന്ന് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. പ്രതിഷേധവും പൊതു ക്രമവും സുരക്ഷയും തമ്മിൽ വേർതിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രാഷ്ട്രപതി ഊന്നിപ്പറഞ്ഞു

കഴിഞ്ഞാഴ്ചയാണ് മഹ്സ അമിനിയെന്ന ഇരുപത്തിരണ്ടുകാരി ടെഹ്റാനിൽ വച്ച് മതപൊലീസിന്റെ അറസ്റ്റിലായതും പിന്നാലെ അബോധാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചതും. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. യുവതിയെ പോലീസ് അതിക്രൂരമായി മർദ്ദിച്ചിരുന്നു എന്ന് ദൃസാക്ഷികൻ വെളിപ്പെടുത്തിയിരുന്നു. പൊലീസ് മർദനമേറ്റ് കോമയിലായി മൂന്ന് ദിവസത്തിന് ശേഷമായിരുന്നു മരണം. സംഭവത്തിൽ ഇറാനിയൻ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.