ഐടി നിയമങ്ങള്‍ പാലിക്കാനാകുന്നില്ല; വിപിഎന്‍ കമ്പനികള്‍ ഇന്ത്യ വിടുന്നു

ഐടി നിയമങ്ങള്‍ പാലിക്കാനാകുന്നില്ല; വിപിഎന്‍ കമ്പനികള്‍ ഇന്ത്യ വിടുന്നു

ന്യൂഡല്‍ഹി: കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ നിബന്ധന പാലിക്കാന്‍ സാധിക്കാത്തതിനാല്‍ എക്‌സ്പ്രസ്, സര്‍ഫ്ഷാര്‍ക് വിപിഎന്‍ കമ്പനികള്‍ക്കു പിന്നാലെ പ്രോട്ടോണ്‍ വിപിഎന്നും ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി.

ഉപയോക്താവിനും ഇന്റർനെറ്റിനും ഇടയിൽ ഒരു സുരക്ഷിത കണക്ഷൻ സൃഷ്ടിക്കുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക്‌ ആണ്  വര്‍ച്വല്‍ പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്ക് (വിപിഎന്‍). വിപിഎന്നുകള്‍ ഇന്റര്‍നെറ്റ് വഴി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതിനാല്‍ മിക്ക കമ്പനികള്‍ക്കും ഇന്ത്യയില്‍ സെര്‍വറുകള്‍ ആവശ്യമില്ല. പ്രാദേശിക നിയമങ്ങളെ മറികടക്കാന്‍ ഇതുവഴി ഈ കമ്പനികള്‍ ഇന്ത്യയിലെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണ്.

വെര്‍ച്വല്‍ പ്രൈവറ്റ്‌നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് പേരുകേട്ട സ്വിസ് ഇന്റര്‍നെറ്റ് കമ്പനിയാണ് പ്രോട്ടോണ്‍. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനായി ഇന്ത്യയില്‍ നിന്ന് കമ്പനിയുടെ സെര്‍വറുകള്‍ നീക്കം ചെയ്യുകയാണ്. ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡേറ്റ പ്രാദേശികമായി സൂക്ഷിക്കാന്‍ വിപിഎന്‍ ഓപ്പറേറ്റര്‍മാരെ നിര്‍ബന്ധിക്കുന്ന സൈബര്‍ സുരക്ഷാ നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രോട്ടോണ്‍രാജ്യത്തെ പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഇന്ത്യയിലും ആഗോളതലത്തിലും പ്രധാന വിപിഎന്‍ സേവന ദാതാക്കളില്‍ ഒന്നാണ് പ്രോട്ടോണ്‍.

എന്നാല്‍, മറ്റു വിപിഎന്‍ കമ്പനികളെ പോലെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഇപ്പോഴും അവരുടെ സേവനം ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രോട്ടോണ്‍ വ്യക്തമാക്കി. ഒരു ഇന്ത്യന്‍ ഐപി അഡ്രസ് നല്‍കുന്നതിനായി അവര്‍ 'സ്മാര്‍ട് റൂട്ടിങ് സെര്‍വറുകള്‍' പുറത്തിറക്കുമെന്നും ട്വീറ്റിലൂടെ കമ്പനി അറിയിച്ചു.

ഉപയോക്താക്കളുടെ ഇന്റര്‍നെറ്റിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് 20 കാര്യങ്ങള്‍ വിപിഎന്‍ കമ്പനികള്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത്, ഐടി സംവിധാനങ്ങളിലേക്ക് കടന്നുകയറുന്നത്, സെര്‍വറുകളെ ആക്രമിക്കുന്നത് തുടങ്ങിയവയാണ് ഇത്. പ്രത്യക്ഷത്തില്‍ സാധാരണ ബ്രൗസിങ് ഡേറ്റ സര്‍ക്കാരിനു വേണ്ട. എന്നാല്‍ വിപിഎന്‍ കമ്പനികള്‍ ഒരാളുടെ ബ്രൗസിങ്ങും ഡൗണ്‍ലോഡും എല്ലാം നോക്കിയിരിക്കുകയും അത് അഞ്ചു വര്‍ഷത്തിലേറെ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.