പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടില്‍ എത്തിയത് 120 കോടി രൂപ; ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ഉപയോഗിച്ചെന്ന് ഇഡി

പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടില്‍ എത്തിയത് 120 കോടി രൂപ; ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ഉപയോഗിച്ചെന്ന് ഇഡി

ന്യൂഡല്‍ഹി: വര്‍ഷങ്ങളായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടേയും (പിഎഫ്‌ഐ) അനുബന്ധ സംഘടനകളുടേയും അക്കൗണ്ടുകളില്‍ 120 കോടി രൂപയെത്തിയിട്ടുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഫണ്ട് ശേഖരണമെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായും ഇഡി ലഖ്‌നൗവിലെ പ്രത്യേക കോടതിയെ അറിയിച്ചു.

2020 ഫെബ്രുവരിയിലെ ഡല്‍ഹി കലാപത്തിലേക്ക് നയിച്ച അക്രമങ്ങള്‍, മതസൗഹാര്‍ദം തകര്‍ക്കുക വര്‍ഗീയ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പിഎഫ്‌ഐ അംഗങ്ങളുടെ ഹത്രാസിലേക്കുള്ള സന്ദര്‍ശനം, ഭീകരവാദികളുടെ സംഘം രൂപീകരിക്കുക, ഉത്തര്‍പ്രദേശിലെ പ്രമുഖ വ്യക്തികള്‍ക്കും സെന്‍സിറ്റീവ് സ്ഥലങ്ങള്‍ക്കും നേരെ ഒരേസമയം ആക്രമണം നടത്താന്‍ മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കുക, പ്രധാനമന്ത്രി പട്‌ന സന്ദര്‍ശന വേളയില്‍ ആക്രമണം നടത്തുന്നതിനായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കുക, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയാകാന്‍ സാധ്യതയുള്ള ലഘുലേഘകള്‍ തയാറാക്കുക എന്നിവയ്ക്കായി ഈ പണം ചെലവഴിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ജൂലൈ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്‌ന സന്ദര്‍ശനത്തിനിടെ ആക്രമണം നടത്തുക എന്ന ഉദ്ദേശത്തോടെ പ്രതികള്‍ തീവ്രവാദ സംഘം രൂപീകരിക്കാന്‍ പോലും പദ്ധതിയിട്ടിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) മറ്റ് ഏജന്‍സികളും റജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ പിഎഫ്‌ഐയ്‌ക്കെതിരെയും അതുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ ഇഡിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുക, ഭീകരത പടര്‍ത്തുക, വര്‍ഗീയ കലാപം ഉണ്ടാക്കുക, ഭീകരസംഘടന രൂപീകരിച്ച് മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിച്ച് ഒരേസമയം നിരവധി പ്രധാന വ്യക്തികള്‍ക്കും സ്ഥലങ്ങള്‍ക്കും നേരെ ആക്രമണം നടത്തുക, സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കുക എന്നീ കുറ്റങ്ങള്‍ ചുമത്തി എന്‍ഐഎയും ഇതിനായി നിയമവിരുദ്ധമായി ശേഖരിച്ച പണം ചെലവഴിച്ചെന്ന് കാട്ടി ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്‍ഐഎയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടന്ന രാജ്യവ്യാപകമായ റെയ്ഡില്‍ നൂറിലധികം പിഎഫ്‌ഐ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. എന്‍ഐഎ, ഇഡി, സംസ്ഥാന പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ ഒരേ സമയം 15 സംസ്ഥാനങ്ങളിലാണ് തിരച്ചില്‍ നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.