'ആഗോള ഭീകരവാദികളെ സംരക്ഷിക്കാന്‍ ചൈനയും പാകിസ്ഥാനും കൂട്ടു നില്‍ക്കുന്നു'; യുഎന്നില്‍ ആഞ്ഞടിച്ച് ഇന്ത്യ

'ആഗോള ഭീകരവാദികളെ സംരക്ഷിക്കാന്‍ ചൈനയും പാകിസ്ഥാനും കൂട്ടു നില്‍ക്കുന്നു'; യുഎന്നില്‍ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള ഭീകരവാദികളെ സംരക്ഷിക്കാന്‍ ചൈനയും പാകിസ്ഥാനും കൂട്ടുനില്‍ക്കുന്നുവെന്ന് യുഎന്‍ പൊതുസഭയില്‍ ഇന്ത്യ. റഷ്യ ഉക്രെയ്ന്‍ യുദ്ധം സമാധാന ശ്രമങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്തുകൊണ്ടു വ്യക്തമാക്കി.

മാത്രമല്ല ഭീകരവാദ വിഷയത്തില്‍ ചൈനയ്ക്കും പാകിസ്ഥാനും ഇരട്ടത്താപ്പാണെന്നും മന്ത്രി വിമര്‍ശിച്ചു. ഐക്യരാഷ്ട്രസഭയില്‍ പ്രഖ്യാപിത ഭീകരവാദികളെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ അവരുടെ സ്വന്തം താല്‍പ്പര്യങ്ങളോ ഖ്യാതിയോ ഉയര്‍ത്തുന്നില്ലെന്നത് ചൈനയ്ക്കും പാകിസ്ഥാനും ഒരു സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ- എന്നിവയ്ക്കെതിരായുള്ള പ്രമേയങ്ങള്‍ യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗം എന്ന സ്ഥാനം ഉപയോഗിച്ച് വീറ്റോ ചെയ്ത ചൈനയെയും ജയശങ്കര്‍ ലക്ഷ്യം വെച്ചു.

പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ ആഘാതം ഏറ്റുവാങ്ങിയ രാജ്യമാണ് ഇന്ത്യയെന്നും രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ ഒരു ഭീകരപ്രവര്‍ത്തനത്തിനും ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ ഉപരോധിച്ചുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ഭീകരവാദത്തോട് പ്രതികരിക്കുന്നത്. യുഎന്‍എസ് സി 1267 ഉപരോധത്തെ രാഷ്ട്രീയവത്കരിക്കുന്നവര്‍ തീവ്രവാദികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സ്വയം അപകടത്തിലേക്കാണ് അവര്‍ പോകുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.

ഈ മാസം ആദ്യം ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള യുഎസിന്റെയും ഇന്ത്യയുടെയും നേതൃത്വത്തിലുള്ള യുഎന്‍ നിര്‍ദേശം ചൈന തടഞ്ഞു. ഇന്ത്യയ്ക്കൊപ്പം ചൈനയും പാക്കിസ്ഥാനും എസ്.സി.ഒയില്‍ അംഗങ്ങളാണ്. ഈ വര്‍ഷം ജൂണില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരന്‍ അബ്ദുല്‍ റഹ്മാന്‍ മക്കിയെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഉപരോധപ്പട്ടികയില്‍പ്പെടുത്താനുള്ള ഇന്ത്യയുടെയും യുഎസിന്റെയും നിര്‍ദേശം അവസാന നിമിഷം ചൈന തടയുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.