ന്യൂഡല്‍ഹി: മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ത്ഥിത്വത്തെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി നേരിട്ട രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന് ഏറെക്കുറെ തീരുമാനമായി. ഹൈക്കമാന്‍ഡിന്റെ പിന്തുണ ഉറപ്പിച്ചതോടെ നിലവിലെ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലന്റ് തന്നെ രാജസ്ഥാന്റെ അടുത്ത മുഖ്യമന്ത്രിയായേക്കും. ഒരു നേതാവ്, ഒരു സ്ഥാനം എന്ന ഉദയ്പൂരിലെ ചിന്തന്‍ ശിബിരത്തിലെ തീരുമാനം നടപ്പാകണമെന്ന രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാടാണ് സച്ചിന് നേട്ടമായത്.
കോണ്‍ഗ്രസ് പ്രസിഡന്റായാലും മുഖ്യമന്ത്രിപദം ഒഴിയില്ലെന്ന് ഗെലോട്ടിന്റെ നിലപാടാണ് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവച്ചത്. എന്നാല്‍ ഹൈക്കമാന്‍ഡിന് അതിനോട് താല്‍പര്യം ഉണ്ടായിരുന്നില്ല. അധ്യക്ഷ പദവിയും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് ആവശ്യപ്പെട്ട ഗലോട്ടിനോട് ചിന്തന്‍ ശിബിരത്തിലെ തീരുമാനം മാനിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതോടെ ഗലോട്ട് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിര്‍ന്ന നേതാവ് സി.പി. ജോഷിയും രംഗത്തുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണ സച്ചിന്‍ പൈലറ്റിനാണ്. അന്തിമ തീരുമാനം ഇന്നു വൈകിട്ട് ഏഴിന് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിലേ ഉണ്ടാകൂ. ജയ്പുരില്‍ ഗെലോട്ടിന്റെ വസതിയിലാണ് യോഗം. നിരീക്ഷകനായി മല്ലികാര്‍ജുന്‍ ഖര്‍ഗെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കനും പങ്കെടുക്കും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കാനാണു സാധ്യത. മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലെ ഉണ്ടാകു.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള നടപടി ഗെലോട്ട് ആരംഭിച്ചിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമര്‍പ്പിക്കണമെന്നാണ് സച്ചിന്‍ ക്യാംപിന്റെ ആവശ്യം. ഇതിനിടെയാണ് വൈകിട്ട് ഏഴിന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്നത്. 2018ല്‍ ഭരണം പിടിക്കാന്‍ മുന്നില്‍ നിന്ന സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.
സ്പീക്കര്‍ സി.പി.ജോഷിയുമായും എംഎല്‍എമാരുമായും സച്ചിന്‍ കൂടിക്കാഴ്ച നടത്തും. എന്നാല്‍, നേരത്തേ സച്ചിന്‍ ക്യാംപിലായിരുന്ന സി.പി.ജോഷിയെ മുന്നില്‍ നിര്‍ത്തിയാണ് അശോക് ഗെലോട്ട് നീക്കങ്ങള്‍ നടത്തുന്നത്. ഭൂരിപക്ഷം എംഎല്‍എമാര്‍ പിന്തുണയ്ക്കുന്നയാളെ മുഖ്യമന്ത്രിയാക്കുക എന്ന നയത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഗെലോട്ട് ആവശ്യപ്പെടും. എംഎല്‍എ ശാന്തി ധരിവാള്‍, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് ദോതസര എന്നീ പേരുകളും മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.