ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 കാരി സുഗുണയാണ് മരിച്ചത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 50 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ചിലരുടെ നില ഇപ്പോഴും ഗുരുതരമാണ്. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
അതേസമയം കരൂര്‍ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) നല്‍കിയ ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. കേസ് സിബിഐക്കോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്നാണ് ടിവികെയുടെ ആവശ്യം. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത്, കോടതി സ്വന്തം നിലയില്‍ നടപടിയെടുക്കണമെന്നും പാര്‍ട്ടി അഭിഭാഷകന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് പാര്‍ട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ കരൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ ടിവികെയുടെയും റാലികള്‍ക്ക് അനുമതി നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദുരന്തത്തില്‍ പരിക്കേറ്റ സെന്തില്‍ എന്നയാള്‍ കോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നത് വരെ വിജയ്‌യുടെയും ടിവികെയുടെയും റാലികള്‍ക്ക് അനുമതി നല്‍കുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അശ്രദ്ധമായ ആസൂത്രണം, ഗുരുതരമായ കെടുകാര്യസ്ഥത, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ വീഴ്ച എന്നിവയാണ് ദുരന്തത്തിന് കാരണമായത്. കരൂര്‍ ടൗണ്‍ പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
സംഘടനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, ആര്‍ട്ടിക്കിള്‍ 21 പ്രകാരം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. പൂര്‍ണമായ അന്വേഷണം നടത്താതെ ടിവികെ റാലികള്‍ക്ക് അനുമതി നല്‍കുന്നത് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനുള്ള സര്‍ക്കാരിന്റെ കഴിവില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഹര്‍ജിയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.