തിരുവനന്തപുരം: ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലെന്ന രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
സര്‍ക്കാര്‍ വിലാസം സംഘടനകള്‍ കൈകൊട്ടി കളി നടത്തുന്നുവെന്നും സപ്ലൈയ്‌കോയും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
പ്രതിസന്ധി ഇന്ന് തീരും നാളെ തീരും എന്ന പ്രതീതി ധനമന്ത്രി നല്‍കിയെന്നും എന്നാല്‍ ഇപ്പോള്‍ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണെന്നും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യ കുടിശികയായി നല്‍കാനുള്ളത് ഒരു ലക്ഷം കോടിയാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
ചെക്കു മാറാന്‍ പോലും ഖജനാവില്‍ പണമില്ല. നികുതി വരുമാനം കൂട്ടാന്‍ എന്ത് പദ്ധതിയാണ് സര്‍ക്കാരിന് ഉള്ളതെന്ന് ചോദിച്ച വി.ഡി സതീശന്‍ വിവിധ വിഭാഗങ്ങള്‍ക്കായി 2000 കോടി രൂപ കുടിശികയുണ്ടെന്നും പറഞ്ഞു.
ജിഎസ്ടി ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരാനുണ്ടെന്നും റൂള്‍സിന് വിരുദ്ധമായതിനാല്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മുന്‍പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധന(എസ്‌ഐആര്‍)യ്‌ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു.
വോട്ടര്‍ പട്ടിക സുതാര്യമായി പുതുക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കേരളത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഉള്ളതുപോലെയുള്ള അനധികൃത കുടിയേറ്റങ്ങള്‍ക്ക് സാധ്യത ഇല്ലാത്തതിനാല്‍ സംസ്ഥാനത്ത് എസ്‌ഐആര്‍ അപ്രസക്തമാണെന്ന് പ്രമേയത്തില്‍ പറയുന്നു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയത്തിന്റെ നിഴലിലാണ്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം അത്ര നിഷ്‌കളങ്കമായി കാണാനാകില്ല എന്നുള്ളതാണ് പ്രമേയത്തിന്റെ അന്തസത്ത. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി മുന്നോട്ടു പോകുന്നത് സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെയും പിന്നാലെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.
എന്‍. ഷംസുദ്ദീന്‍, പി.സി വിഷ്ണുനാഥ്, ടി. സിദ്ദീക്ക് അടക്കമുള്ളവര്‍ ഏതാനും ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചു. അതില്‍ ചില നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയത്. കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലും കോണ്‍ഗ്രസും സിപിഎമ്മും എസ്‌ഐആറിനെതിരായ നിലപാട് വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.