ന്യൂഡെല്‍ഹി: മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ രൂപപ്പെട്ട ഭരണ, രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷം. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ ഗെലോട്ട് പക്ഷത്തെ 92 എംഎല്‍എമാര്‍ രാജി ഭീഷണി മുഴക്കിയത് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തേക്ക് അയച്ച ഹൈക്കമാന്‍ഡ് പ്രതിസനിധികളുടെ നിര്‍ദേശങ്ങള്‍ ഇരുപക്ഷവും മാനിക്കാന്‍ സന്നദ്ധമാകാതെ വന്നതോടെ ഗെലോട്ടിനെയും പൈലറ്റിനെയും സോണിയാ ഗാന്ധി ഡെല്‍ഹിക്ക് വിളിപ്പിച്ചു.
ഗാന്ധിയുടെ നിര്‍ദേശപ്രകാരം നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും മുഖ്യമന്ത്രി അശോക് ഗെലോട്ട് പക്ഷത്തെ എംഎല്‍എമാരെ കണ്ടെങ്കിലും രാജി ഭീഷണിയില്‍ ഉറച്ചുതന്നെയാണ് ഇവര്‍. ഗെലോട്ടിനെ മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും അതിന് സാധിക്കില്ലെങ്കില്‍ ഭൂരിഭാഗം പേര്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം എന്നുമാണ് വിമത എംഎല്‍എമാരുടെ ആവശ്യം.
അതേസയമം ഹൈക്കമാന്‍ഡിന്റെ പിന്തുണയുള്ള സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് സച്ചിന്‍ പക്ഷത്തെ 18 എംഎല്‍എമാരും ശക്തമായി വാദിക്കുന്നു. ഇന്നലെ നിയമസഭാ കക്ഷി സമ്മേളനത്തിനായി സച്ചിന്‍പക്ഷ എംഎല്‍എമാര്‍ ഗെലോട്ടിന്റെ വസതിയില്‍ എത്തിയെങ്കിലും ഗെലോട്ട്പക്ഷ എംഎല്‍എമാര്‍ ഗെലോട്ടിന്റെ അടുത്ത അനുയായിയും എംഎല്‍എയുമായ ശാന്തി ധരവാളിന്റെ വീട്ടിലേക്ക് പോയിരുന്നു. ഇതോടെ കക്ഷി അംഗങ്ങള്‍ ഒന്നിച്ചുള്ള യോഗം നടന്നില്ല. എംഎല്‍എമാര്‍ ക്ഷുഭിതരാണെന്നും ഒന്നും തന്റെ കയ്യിലല്ലെന്നുമാണ് രാജിഭീഷണിയെക്കുറിച്ച് ഗെലൊട്ട് കോണ്‍ഗ്രസ് നേതൃത്വത്തോട് പറഞ്ഞത്.
ആകെ 200 എംഎല്‍എമാരാണ് രാജസ്ഥാന്‍ നിയമസഭയിലുള്ളത്. ഇതില്‍ കോണ്‍ഗ്രസിന് 107 എംഎല്‍എമാരും ബിജെപിക്ക് എഴുപതുമാണുള്ളത്. ഗെലോട്ട് പക്ഷത്തുള്ള 92 എംഎല്‍എമാര്‍ രാജിവച്ചാല്‍ സഭയുടെ അംഗബലം 108 ആയി കുറയും. ഇതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ 55 എംഎല്‍എമാരുടെ മാത്രം പിന്തുണ മതിയാകും. ബിജെപിക്ക് 70 എംഎല്‍എമാര്‍ ഉണ്ടെന്നിരിക്കെ ഇതു കോണ്‍ഗ്രസിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള നടപടി ഗെലോട്ട് ആരംഭിച്ചിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമര്‍പ്പിക്കണമെന്നാണ് സച്ചിന്‍ ക്യാംപിന്റെ ആവശ്യം. എന്നാല്‍ താന്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഗെലോട്ട് ഉന്നയിച്ചു. അതേസമയം, 2018ല്‍ ഭരണം പിടിക്കാന്‍ മുന്നില്‍ നിന്ന സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.